സംസ്ഥാനത്തെ സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജുകൾ സംഘടിപ്പിക്കുന്ന അക്കാദമിക് ടൂറുകൾക്ക് കർശന മാർഗനിർദേശങ്ങളുമായി കർണാടക കോളേജ് വിദ്യാഭ്യാസ വകുപ്പ്. അക്കാദമിക് ടൂറിനിടെ വിദ്യാർഥികൾ സെൽഫി എടുക്കുന്നതും വീഡിയോകൾ ചിത്രീകരിക്കുന്നതും സോഷ്യൽ മീഡിയ റീലുകൾ നിർമ്മിക്കുന്നതും വകുപ്പ് നിരോധിച്ചു.
കോളേജ് വിദ്യാഭ്യാസ കമ്മീഷണറുടെ ഓഫീസ് ശനിയാഴ്ച പുറത്തിറക്കിയ സർക്കുലർ പ്രകാരം അക്കാദമിക് ടൂർ സംഘടിപ്പിക്കുന്നതിന് വകുപ്പിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. അനുമതി വാങ്ങാതെ ഒരു അക്കാദമിക് ടൂറും സംഘടിപ്പിക്കരുതെന്ന് കോളേജുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ടൂറുമായി ബന്ധപ്പെട്ട നിർദേശങ്ങൾ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സമ്മതപത്രങ്ങൾക്കൊപ്പം കോളേജുകൾ വകുപ്പിന് സമർപ്പിക്കണം. യാത്ര ആരംഭിക്കുന്നതിന് മുമ്പ് വിദ്യാർഥികൾക്ക് സുരക്ഷാ മാർഗനിർദേശങ്ങളെക്കുറിച്ച് വ്യക്തമായ ബോധവത്കരണം നൽകണമെന്നും സർക്കുലറിൽ പറയുന്നു.
അക്കാദമിക് ടൂറിനിടെ വിദ്യാർഥികൾ സെൽഫി എടുക്കുകയോ വീഡിയോ റെക്കോർഡ് ചെയ്യുകയോ റീലുകൾ ചിത്രീകരിക്കുകയോ ചെയ്യരുതെന്നാണ് പ്രത്യേക നിർദേശം. വിദ്യാർഥികളോടൊപ്പം പോകുന്ന അധ്യാപകർ നിരന്തരം നിരീക്ഷണം നടത്തുകയും മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
വകുപ്പ് അംഗീകരിച്ച സ്ഥലങ്ങൾ മാത്രമേ അക്കാദമിക് ടൂറിന്റെ ഭാഗമായി വിദ്യാർഥികൾ സന്ദർശിക്കാവൂ. മറ്റ് സ്ഥലങ്ങളിലേക്ക് വിദ്യാർഥികളെ കൊണ്ടുപോകരുതെന്നും നിർദേശമുണ്ട്.
പെൺകുട്ടികളുടെ സുരക്ഷയ്ക്കും സർക്കുലറിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. ടൂറിലുടനീളം ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണം. പെൺകുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവമുണ്ടായാൽ ബന്ധപ്പെട്ട അധ്യാപകനും പ്രിൻസിപ്പലും ഉത്തരവാദികളായിരിക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.
മാർഗനിർദേശങ്ങൾ ലംഘിക്കുന്ന കോളേജുകൾക്കും ബന്ധപ്പെട്ടവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
അടുത്തിടെ കർണാടകയിൽ സെൽഫിയും സോഷ്യൽ മീഡിയയ്ക്കായുള്ള വീഡിയോ ചിത്രീകരണവും ഉൾപ്പെടെ വിവിധ സംഭവങ്ങളിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബെംഗളൂരുവിൽ കാട്ടാനയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച 52കാരനായ ബിസിനസുകാരൻ ആനയുടെ ആക്രമണത്തിൽ മരിച്ചിരുന്നു.
മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മൂന്ന് മെഡിക്കൽ ഇന്റേണുകൾ ശക്തമായ ജലപ്രവാഹത്തിനടുത്ത് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. സോഷ്യൽ മീഡിയയ്ക്കായി വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഫാം കുളത്തിൽ വീണ് 20കാരനായ വിദ്യാർഥി മരിച്ച സംഭവവും ഉണ്ടായി.
ചാർമാഡി ഘട്ടിൽ സീസണൽ വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കുന്നതിനിടെ യുവാവ് പാറക്കെട്ടിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത്തരം അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാർഥികളുടെ അക്കാദമിക് ടൂറുകളിൽ സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.
