പുതിയ ആയുധ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഉത്തരകൊറിയ. രാജ്യത്തിന്റെ ആയുധ സാങ്കേതികവിദ്യയിലെ പുരോഗതി പ്രകടമാക്കുന്നതിൽ പരീക്ഷണത്തിന് നിർണായക പ്രാധാന്യമുണ്ടെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പറഞ്ഞു.
കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിൽ ഞായറാഴ്ച ഉത്തരകൊറിയൻ മിസൈൽ ബ്യൂറോയാണ് പുതിയ ആയുധ സംവിധാനത്തിന്റെ പരീക്ഷണം നടത്തിയതെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയെ (കെസിഎൻഎ) ഉദ്ധരിച്ച് യോൻഹാപ്പ് റിപ്പോർട്ട് ചെയ്തു. എന്നാൽ പരീക്ഷിച്ച ആയുധ സംവിധാനത്തിന്റെ കൃത്യമായ സ്വഭാവം ഉത്തരകൊറിയ വ്യക്തമാക്കിയിട്ടില്ല.
ആയുധ സംവിധാനത്തിന്റെ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ പരീക്ഷണത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ഉത്തരകൊറിയ വ്യക്തമാക്കി. ‘നൂതന പ്രതിരോധ സാങ്കേതികവിദ്യയുടെ വ്യക്തമായ പ്രകടനം’ എന്നും ‘സായുധ സേനയുടെ ആധുനികവൽക്കരണത്തിലെ നിർണായക മുന്നേറ്റം’ എന്നുമാണ് കിം ജോങ് ഉൻ പരീക്ഷണത്തെ വിശേഷിപ്പിച്ചതെന്ന് കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
രാജ്യത്തിന്റെ യുദ്ധസജ്ജീകരണത്തിനും സായുധ സേനയുടെ ഭാവി വികസനത്തിനും ഇത്തരം സാങ്കേതികവിദ്യകൾ നിർണായകമാണെന്നും കിം പറഞ്ഞു. സൈനിക കാഴ്ചപ്പാടിൽ ഈ സാങ്കേതിക മുന്നേറ്റത്തിന്റെ പ്രാധാന്യം രാജ്യത്തിന്റെ എതിരാളികൾക്ക് വ്യക്തമായി മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോൺസാൻ മേഖലയിൽ നിന്ന് കിഴക്കൻ കടലിലേക്ക് ഉത്തരകൊറിയ രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ദക്ഷിണകൊറിയയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് അറിയിച്ചതിന് പിന്നാലെയാണ് പുതിയ ആയുധ പരീക്ഷണത്തെക്കുറിച്ചുള്ള ഉത്തരകൊറിയയുടെ പ്രഖ്യാപനം.
വിദേശ തൊഴിലാളി വിന്യാസത്തിലും ഉത്തരകൊറിയക്കെതിരെ ആരോപണം
അതേസമയം, വിദേശ തൊഴിലാളികളെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര ഉപരോധ നിരീക്ഷണ സംഘത്തിന്റെ റിപ്പോർട്ടിനെ ഉത്തരകൊറിയ തള്ളി. റിപ്പോർട്ട് നിയമവിരുദ്ധമാണെന്നും സാധാരണ പ്രവർത്തനങ്ങളെ നിയമവിരുദ്ധമായി ചിത്രീകരിക്കുകയാണെന്നും ഉത്തരകൊറിയ ആരോപിച്ചു.
കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ, യുഎൻ ഉപരോധങ്ങൾ ലംഘിച്ച് ഉത്തരകൊറിയ വിദേശരാജ്യങ്ങളിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നത് തുടരുകയാണെന്ന് മൾട്ടിലാറ്ററൽ സാങ്ക്ഷൻസ് മോണിറ്ററിംഗ് ടീം (MSMT) ആരോപിച്ചിരുന്നു. ചൈനയിലും റഷ്യയിലുമായി പ്രധാനമായും കേന്ദ്രീകരിച്ച് കുറഞ്ഞത് 17 രാജ്യങ്ങളിലായി ഏകദേശം ഒരു ലക്ഷം ഉത്തരകൊറിയൻ തൊഴിലാളികൾ ഉണ്ടെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
റഷ്യയിലെ ചില ഫാക്ടറികളിൽ സൈനിക ഡ്രോണുകളുടെ നിർമാണവുമായി ഉത്തരകൊറിയൻ തൊഴിലാളികൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. എന്നാൽ വിദേശരാജ്യങ്ങളുമായുള്ള തങ്ങളുടെ സാമ്പത്തിക ബന്ധങ്ങൾ നിയമാനുസൃതമാണെന്നാണ് ഉത്തരകൊറിയയുടെ നിലപാട്.
