അമേരിക്ക സൈനിക സമ്മർദം കുറയ്ക്കുകയും ഉപരോധം പിൻവലിക്കുകയും ചെയ്താൽ ഹോർമുസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളിൽ തുറക്കാൻ തയ്യാറാണെന്ന് ഇറാൻ. മധ്യസ്ഥർ വഴിയാണ് ഇറാൻ ഇക്കാര്യം അമേരിക്കയെ അറിയിച്ചതെന്നാണ് റിപ്പോർട്ട്.
ശത്രുതയ്ക്ക് ശാശ്വതമായ അന്ത്യം കുറിക്കുന്നതിനായി പുതിയ ചർച്ചകൾ ആവശ്യമാണെന്നും യുഎൻ ജനറൽ അസംബ്ലി അതിനുള്ള അവസരമാണെന്നും ഇറാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് വാഷിങ്ടണുമായി ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന സൂചനയാണ് ഇറാന്റെ നീക്കം നൽകുന്നത്.
അതേസമയം, യുഎൻ ജനറൽ അസംബ്ലിക്കിടെ ഇറാനുമായി കൂടിക്കാഴ്ച നടത്താൻ അമേരിക്ക തയ്യാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. എന്നാൽ ചർച്ചകൾക്ക് വ്യക്തമായ ഫലമുണ്ടാകണമെന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്.
ഹൂതികളുമായുള്ള സംഘർഷത്തിനിടയിലും സൗദി അറേബ്യയോടുള്ള അമേരിക്കയുടെ സുരക്ഷാ പ്രതിബദ്ധത തുടരുമെന്നും റൂബിയോ വ്യക്തമാക്കി. സൗദിയുമായുള്ള പ്രതിരോധ കരാർ പാലിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇറാൻ ആണവായുധം നിർമിക്കില്ലെന്ന് ഉറപ്പ് നൽകിയാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് യുഎന്നിലെ യുഎസ് പ്രതിനിധി മൈക്ക് വാൾട്സും വ്യക്തമാക്കി. അതേസമയം, ഹൂതികൾക്ക് ഇറാൻ നൽകുന്ന സൈനിക പിന്തുണ അവസാനിപ്പിക്കണമെന്ന് ജി7 വിദേശകാര്യ മന്ത്രിമാർ ആവശ്യപ്പെട്ടു.
ഹോർമുസിൽ രണ്ടാമത്തെ എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് നാവികർക്ക് പരുക്കേറ്റതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട സംഘർഷം തുടരുന്നതിനിടെയാണ് പുതിയ നയതന്ത്ര നീക്കങ്ങളും സജീവമാകുന്നത്.
ഇറാനെതിരായ ഉപരോധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാനിയൻ വിമാനക്കമ്പനികൾക്ക് അന്താരാഷ്ട്ര യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസ് പ്രതിസന്ധിക്കിടെ ഉപരോധവും നയതന്ത്ര നീക്കങ്ങളും ഒരേസമയം ശക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
