വരുമാനം ഉയർന്നിട്ടും ലാഭം ഇടിഞ്ഞു; സാംസങ് ഇന്ത്യയ്ക്ക് തിരിച്ചടി

പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങ് ഇന്ത്യയുടെ ലാഭത്തിൽ വൻ ഇടിവ്. 2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ സംയോജിത ലാഭം 36 ശതമാനം കുറഞ്ഞു. 11,287.50 കോടി രൂപയായിരുന്ന ലാഭം 7,228.10 കോടി രൂപയായാണ് കുറഞ്ഞത്.

2026 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ സാമ്പത്തിക വിവരങ്ങൾ റെഗുലേറ്ററി ഫയലിംഗിലൂടെയാണ് പുറത്തുവന്നത്. ബിസിനസ് ഇൻഫർമേഷൻ പ്ലാറ്റ്‌ഫോമായ ടോഫ്ലർ വഴിയാണ് വിവരങ്ങൾ ലഭ്യമായത്.

അതേസമയം, സാംസങ് ഇന്ത്യയുടെ പ്രവർത്തന വരുമാനത്തിൽ നേരിയ വർധന രേഖപ്പെടുത്തി. 2024-25 സാമ്പത്തിക വർഷത്തിൽ 1,11,183.40 കോടി രൂപയായിരുന്ന പ്രവർത്തന വരുമാനം 2025-26ൽ 1.2 ശതമാനം ഉയർന്ന് ഏകദേശം 1.12 ലക്ഷം കോടി രൂപയായി. മറ്റ് വരുമാനങ്ങൾ ഉൾപ്പെടെ കമ്പനിയുടെ മൊത്തം സംയോജിത വരുമാനം 1,14,738.60 കോടി രൂപയായി.

ഇന്ത്യയിലെ സാംസങിന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്നാണ് മൊബൈൽ ഫോൺ വിഭാഗം. സ്മാർട്ട്‌ഫോണുകൾക്ക് പുറമെ ടെലിവിഷൻ, ടാബ്‌ലെറ്റ്, വീട്ടുപകരണങ്ങൾ, കമ്പ്യൂട്ടർ തുടങ്ങിയ വിഭാഗങ്ങളിലും കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. വീട്ടുപകരണ, ഉപഭോക്തൃ ഇലക്ട്രോണിക്സ് മേഖലയിൽ ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള രാജ്യത്തെ ഏക കമ്പനിയായി സാംസങ് തുടരുന്നതായാണ് റിപ്പോർട്ട്.

അതേസമയം, ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ, ഇലക്ട്രോണിക്സ് വിപണിയിൽ മത്സരം കൂടുതൽ ശക്തമാകുകയാണ്. ആഭ്യന്തര, അന്തർദേശീയ കമ്പനികൾ വിപണി വിഹിതത്തിനായി ശക്തമായ മത്സരം തുടരുന്ന സാഹചര്യത്തിലാണ് സാംസങിന്റെ ലാഭത്തിൽ ഇടിവുണ്ടായത്.

വർധിച്ചുവരുന്ന പ്രവർത്തനച്ചെലവ്, ഉപഭോക്തൃ ആവശ്യത്തിലെ മന്ദഗതി, സംഘടനാ തലത്തിലുള്ള മാറ്റങ്ങൾ എന്നിവയ്ക്കിടെ സാംസങ് ഇന്ത്യയുടെ ടിവി, വീട്ടുപകരണ വിഭാഗങ്ങളിൽ ജീവനക്കാരെ പിരിച്ചുവിട്ടതായും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഡയറക്ടർമാർ, ടീം ലീഡർമാർ, ബ്രാഞ്ച് മാനേജർമാർ, ഏരിയ മാനേജർമാർ തുടങ്ങിയ വിവിധ തലങ്ങളിലുള്ള ജീവനക്കാരെ പിരിച്ചുവിടൽ ബാധിച്ചതായാണ് റിപ്പോർട്ടുകൾ.

മറുപടി രേഖപ്പെടുത്തുക