പൊതുജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുന്ന സമീപനം; മന്ത്രിമാരുടെ വിദേശ യാത്രകൾക്കെതിരെ ചിന്താ ജെറോം

മന്ത്രിമാരുടെ വിദേശ യാത്രകളെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. പൊതുജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുന്ന സമീപനമാണ് മന്ത്രിമാർ സ്വീകരിക്കുന്നതെന്ന് ചിന്ത ആരോപിച്ചു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാരുടെ പ്രവർത്തനം ഇങ്ങനെയാണോ വേണ്ടതെന്നും അവർ ചോദിച്ചു.

മന്ത്രിമാരുടെ യാത്രകളെ ‘സ്പോൺസേഡ് യാത്ര’ എന്ന് മുഖ്യമന്ത്രി തന്നെ പറയുന്നതിൽ ദുരൂഹതയുണ്ടെന്നും ചിന്താ ജെറോം ആരോപിച്ചു. സ്പോൺസർമാരാൽ നയിക്കപ്പെടുകയും സ്പോൺസർഷിപ്പുകളിലൂടെ മുന്നോട്ടുപോകുകയും ചെയ്യുന്ന സർക്കാരായി കേരളത്തിലെ യുഡിഎഫ് സർക്കാർ മാറിയെന്നായിരുന്നു അവരുടെ വിമർശനം.

ശതകോടീശ്വരന്മാർക്കും കോർപറേറ്റുകൾക്കും വേണ്ടിയുള്ള സർക്കാരാണ് ഇതെന്നും ചിന്ത ആരോപിച്ചു. മന്ത്രിമാരുടെ യാത്രകൾക്ക് സ്പോൺസർമാരുണ്ടെങ്കിൽ ആ സ്പോൺസർമാർ ആരാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഇത്രയും വിശാലമനസ്സുള്ള സ്പോൺസർമാർ ഉണ്ടെങ്കിൽ സാധാരണക്കാർ നേരിടുന്ന വൈദ്യുതി പ്രതിസന്ധിയിൽ ഇൻവെർട്ടർ സ്പോൺസർ ചെയ്യാൻ അവരോട് ആവശ്യപ്പെടാമോ എന്നും ചിന്താ ജെറോം പരിഹസിച്ചു.

യാത്രാവിവാദവുമായി ബന്ധപ്പെട്ട് മന്ത്രി ഒ.ജെ. ജനീഷ് നടത്തിയ പ്രതികരണത്തെയും ചിന്ത വിമർശിച്ചു. ‘നീറോ ചക്രവർത്തിയാണ് മന്ത്രി ഒ.ജെ. ജനീഷ്’ എന്ന് വിശേഷിപ്പിച്ച അവർ, ജനപ്രതിനിധികൾക്ക് ആദ്യം പ്രാധാന്യം നൽകേണ്ടത് ജനങ്ങളുടെ ആവശ്യങ്ങൾക്കാണെന്നും പറഞ്ഞു.

നാട് ദുരിതം നേരിടുന്ന സമയത്ത് ‘ട്രിപ്പ് പോയി വരൂ’ എന്ന തരത്തിലുള്ള പ്രതികരണം മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും ചിന്താ ജെറോം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക