ചൊവ്വാഗ്രഹത്തിന്റെ ഉപരിതലത്തിനടിയിൽ ഇപ്പോഴും അഗ്നിപർവത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടാകാമെന്ന് റഷ്യൻ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗവേഷകസംഘത്തിന്റെ പുതിയ പഠനം. ഭൂമിക്കടിയിൽനിന്ന് അഗ്നിപർവത വാതകങ്ങൾ പുറത്തേക്ക് ഒഴുകുന്ന മേഖലകൾ സൂക്ഷ്മജീവികളുടെ സാന്നിധ്യം കണ്ടെത്താനുള്ള സാധ്യതയുള്ള ഇടങ്ങളാകാമെന്നും ഗവേഷകർ വിലയിരുത്തുന്നു.
മൂന്ന് ബില്യണിലേറെ വർഷം പഴക്കമുള്ള അഗ്നിപർവത പ്രവർത്തനങ്ങളുടെ തെളിവുകൾ ചൊവ്വയിൽ വ്യാപകമായുണ്ട്. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതമായ ഒളിമ്പസ് മോൺസ് രൂപപ്പെടാൻ തുടങ്ങിയതും ഈ കാലഘട്ടത്തിലാണ്. ചൊവ്വയിൽ ‘മാർസ്ക്വേക്ക്’ എന്നറിയപ്പെടുന്ന നേരിയ ഭൂചലനങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അഗ്നിപർവത പ്രവർത്തനത്തിന്റെ പ്രധാന സൂചനയായ സൾഫർ ഡയോക്സൈഡ് ഇതുവരെ ചൊവ്വയുടെ അന്തരീക്ഷത്തിൽ കണ്ടെത്തിയിട്ടില്ല.
എന്നാൽ മറ്റൊരു സാധാരണ അഗ്നിപർവത വാതകമായ ഹൈഡ്രജൻ ക്ലോറൈഡിന്റെ (HCl) അസാധാരണ സാന്നിധ്യം ഭൂമിക്കടിയിലെ മാഗ്മ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം. സജീവമായ മാഗ്മ അറകളുടെ സാന്നിധ്യം സൂചിപ്പിക്കാൻ ഈ വാതകത്തിന് കഴിയുമെങ്കിലും അന്തരീക്ഷത്തിലെ രാസപ്രവർത്തനങ്ങളിലൂടെയും ഇത് രൂപപ്പെടാം.
ആൽബ മോൺസിന് സമീപം വാതക സാന്നിധ്യം
‘സയൻസ് അഡ്വാൻസസ്’ ജേണലിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഹൈഡ്രജൻ ക്ലോറൈഡിന്റെ ആവർത്തിച്ചുള്ള സാന്നിധ്യം വിശകലനം ചെയ്തത്. ചൊവ്വയിലെ പുരാതന അഗ്നിപർവതമായ ആൽബ മോൺസിന് സമീപമാണ് വാതകത്തിന്റെ സാന്ദ്രത കൂടുതലായി കണ്ടെത്തിയത്. ഭൂമിക്കടിയിലെ മാഗ്മയിൽനിന്ന് പുറത്തുവരുന്ന വാതകം തണുപ്പുകാലത്ത് മഞ്ഞുപാളികൾക്കടിയിൽ കുടുങ്ങുകയും വേനൽക്കാലത്തിന്റെ തുടക്കത്തിൽ താപനില ഉയരുമ്പോൾ അന്തരീക്ഷത്തിലേക്ക് പുറത്തുവരികയും ചെയ്യാമെന്നാണ് ഗവേഷകരുടെ അനുമാനം.
യൂറോപ്യൻ സ്പേസ് ഏജൻസിയും റഷ്യയുടെ റോസ്കോസ്മോസും സംയുക്തമായി വികസിപ്പിച്ച എക്സോമാർസ് ട്രേസ് ഗ്യാസ് ഓർബിറ്റർ (TGO) എന്ന പേടകമാണ് വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.
റഷ്യൻ അക്കാദമി ഓഫ് സയൻസസിലെ അലക്സാണ്ടർ ട്രോഖിമോവ്സ്കിയും പോളിഷ് അക്കാദമി ഓഫ് സയൻസസിലെ ഡാനിയൽ മെഗെയും സഹനേതൃത്വം നൽകിയ ഗവേഷകസംഘം പ്രദേശത്ത് അടുത്തകാലത്തുണ്ടായതെന്ന് കരുതുന്ന ഇടുങ്ങിയ വിള്ളലുകളും കണ്ടെത്തി. ഇവയിൽ ചിലതിന് ഒരു മീറ്ററിൽ താഴെ മാത്രമാണ് വീതി. ഭൂമിക്കടിയിലെ അഗ്നിപർവത വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറത്തേക്കെത്താനുള്ള വഴികളാകാം ഇത്തരം വിള്ളലുകളെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
ജീവന്റെ സാന്നിധ്യം തേടാൻ പുതിയ സാധ്യത
ചൊവ്വയിൽ മുൻകാലങ്ങളിൽ അഗ്നിപർവത പ്രവർത്തനം ഇപ്പോഴത്തേതിനേക്കാൾ ശക്തമായിരുന്നിരിക്കാമെന്നും പഠനം സൂചിപ്പിക്കുന്നു. ഭൂമിക്കടിയിലെ ഉയർന്ന താപനില, കൂടുതൽ സാന്ദ്രതയുള്ള അന്തരീക്ഷം, ദ്രാവകരൂപത്തിലുള്ള ജലത്തിന്റെ സാന്നിധ്യം എന്നിവ അന്നത്തെ ചൊവ്വയിൽ നിലനിന്നിരിക്കാം. ഇത്തരം സാഹചര്യങ്ങൾ സൂക്ഷ്മജീവികളുടെ നിലനിൽപ്പിന് കൂടുതൽ അനുകൂലമായിരുന്നിരിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
ചൊവ്വയുടെ ഉപരിതലത്തിനടിയിൽ ഇപ്പോഴും ചില അഗ്നിപർവത പ്രവർത്തനങ്ങൾ തുടരുന്നുണ്ടെങ്കിൽ, അവയുടെ സാന്നിധ്യമുള്ള മേഖലകൾ ഭാവിയിലെ ജീവൻതിരച്ചിൽ ദൗത്യങ്ങൾക്ക് നിർണായകമായേക്കാം. എന്നാൽ കണ്ടെത്തിയ വാതകങ്ങളുടെ ഉറവിടം മാഗ്മ പ്രവർത്തനമാണെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.
