എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദ പരാമർശങ്ങൾക്ക് ശക്തമായ പ്രതികരണവുമായി മുസ്ലിം ലീഗ് രംഗത്ത്. വെള്ളാപ്പള്ളി നടേശന് ഭ്രാന്താണെന്നും ചികിത്സയാണ് ആവശ്യമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുള്‍ ഹമീദ് മാസ്റ്റർ പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ഭരിക്കുന്നത് മുസ്ലിം ലീഗ് ആയിരിക്കുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് പ്രതികരണം. പൊതുസമൂഹത്തിനിടയിൽ ലീഗിന് ലഭിക്കുന്ന സ്വീകാര്യത വെള്ളാപ്പള്ളിക്ക് ദഹിക്കുന്നില്ലെന്നും അബ്ദുള്‍ ഹമീദ് ആരോപിച്ചു.
കഴിഞ്ഞ പത്ത് വർഷമായി വെള്ളാപ്പള്ളി ഇടതുപക്ഷത്തിന്റെ വക്താവായി പ്രവർത്തിക്കുകയാണെന്നും, വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തുന്നതെന്നും വിമർശിച്ചു. ഇവിടെ മാറാട് പോലുള്ള സംഭവങ്ങൾ ആവർത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ വർഗീയ ശക്തികളെ ശക്തമായി നിയന്ത്രിക്കുമെന്നും അബ്ദുള്‍ ഹമീദ് മാസ്റ്റർ വ്യക്തമാക്കി.
