ആരോഗ്യവകുപ്പിൽ അധികാര ഏറ്റുമുട്ടൽ; സെക്രട്ടറിക്കെതിരെ മന്ത്രി കെ. മുരളീധരന്റെ പരാതി

ആരോഗ്യ മന്ത്രി കെ. മുരളീധരനും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായതായി റിപ്പോർട്ട്. സെക്രട്ടറിയുടെ പ്രവർത്തനങ്ങളിലുള്ള അതൃപ്തിയും നിർണായക ഫയലുകളിൽ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ട പരാതികളും മന്ത്രി നേരിട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശ്രദ്ധയിൽപ്പെടുത്തിയതായാണ് വിവരം.

പ്രിൻസിപ്പൽ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റണമെന്നാണ് മന്ത്രിയുടെ പ്രധാന ആവശ്യമെന്നാണ് സൂചന. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ആരോഗ്യവകുപ്പ് സംബന്ധമായ അഴിമതി ആരോപണങ്ങളിലെ അന്വേഷണങ്ങൾ ആവശ്യമായ വേഗത്തിൽ മുന്നോട്ടുപോകുന്നില്ലെന്നാണ് മന്ത്രിയുടെ വിമർശനം.

കെഎംഎസ്‌സിഎൽ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുൻ സർക്കാരിനെ സംരക്ഷിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് നൽകിയതെന്നും, മുൻ ഭരണകൂടവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് സെക്രട്ടറി പക്ഷപാതപരമായ സമീപനം സ്വീകരിക്കുന്നുവെന്നുമാണ് മന്ത്രിയുടെ ആരോപണം.

സർക്കാർ നയപരമായ തീരുമാനങ്ങൾ എടുത്തിട്ടും ഫയലുകളിലെ തുടർനടപടികൾ ബോധപൂർവം വൈകിപ്പിക്കുന്നതായും മന്ത്രി പരാതിപ്പെടുന്നു. സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷമായ സാഹചര്യത്തിലും അടിയന്തര ടെൻഡർ നടപടികൾ സ്വീകരിക്കുന്നതിൽ കാലതാമസം ഉണ്ടായതാണ് ഇരുവരും തമ്മിലുള്ള തർക്കം കൂടുതൽ വഷളാക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ.

ആരോഗ്യവകുപ്പിലെ ഭരണപരമായ വിഷയങ്ങൾ ഉടൻ പരിഹരിക്കണമെന്ന ആവശ്യവും മന്ത്രി മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചതായാണ് വിവരം.

മറുപടി രേഖപ്പെടുത്തുക