മമിത ബൈജുവുമായുള്ള അടുത്ത സൗഹൃദത്തെക്കുറിച്ച് മനസുതുറന്ന് നടി അനശ്വര രാജൻ. വ്യക്തിപരമായും അഭിനേത്രി എന്ന നിലയിലും മമിതയെ ഏറെ ഇഷ്ടമാണെന്നും ശാരീരികമായി ബുദ്ധിമുട്ട് നേരിട്ട പല സാഹചര്യങ്ങളിലും മമിത ഒപ്പം നിന്നിട്ടുണ്ടെന്നും അനശ്വര പറഞ്ഞു.
‘സൂപ്പർ ശരണ്യ’യുടെ ചിത്രീകരണത്തിനിടെ ഇരുവരും ഒരുപാട് നല്ല ഓർമകളും സന്തോഷകരമായ നിമിഷങ്ങളും പങ്കിട്ടിട്ടുണ്ട്. എന്ത് സാഹചര്യത്തിലും കൂടെ നിൽക്കുന്ന വ്യക്തിയാണ് മമിതയെന്നും അനശ്വര വ്യക്തമാക്കി. തനിക്ക് ശാരീരികമായി സുഖമില്ലാതിരുന്നപ്പോഴെല്ലാം മമിത കൈപിടിച്ച് കൂടെ നിന്നു. അവൾ നൽകുന്ന കരുതലും ആത്മവിശ്വാസവും തനിക്ക് ഏറെ വിലപ്പെട്ടതാണെന്നും താരം പറഞ്ഞു.
2017ൽ പുറത്തിറങ്ങിയ ‘ഉദാഹരണം സുജാത’യിലൂടെ ബാലതാരമായി സിനിമയിലെത്തിയ അനശ്വര, 2019ലെ ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്. പിന്നീട് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ താരം ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘നേര്’ ഉൾപ്പെടെയുള്ള സിനിമകളിലൂടെ അഭിനയമികവ് തെളിയിച്ചു.
നിലവിൽ തെലുങ്ക് ഉൾപ്പെടെയുള്ള തെന്നിന്ത്യൻ സിനിമകളിലും സജീവമാണ് അനശ്വര. 2025ൽ പുറത്തിറങ്ങിയ ‘ചാമ്പ്യൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു തെലുങ്ക് അരങ്ങേറ്റം. തുടർന്ന് ‘ഇതല്ലു അർജുന’, ‘വിത്ത് ലവ്’, ‘7/G റെയിൻബോ കോളനി 2’, ‘അന്ത രാമുലൊരു ചൂസ്കുണ്ടാരു’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ചിരഞ്ജീവിക്കൊപ്പമുള്ള ‘കാക്ക’ എന്ന ചിത്രവും താരത്തിന്റേതായി റിലീസിന് ഒരുങ്ങുകയാണ്.
