കഥാപാത്രം എന്നെത്തേടിയെത്തുകയായിരുന്നു; ഭ്രമയുഗം അനുഭവം പങ്കുവെച്ച് മമ്മൂട്ടി

രാജ്യത്തിന്റെ അംഗീകാരം ലഭിക്കുന്നത് ഏതൊരു കലാകാരനും വലിയ പ്രചോദനമാണെന്ന് നടൻ മമ്മൂട്ടി. തന്റെ നാലാമത്തെ ദേശീയ പുരസ്‌കാരമാണ് ലഭിച്ചതെന്നും ഇതിൽ താൻ ഏറെ ഭാഗ്യവാനാണെന്നും മമ്മൂട്ടി പറഞ്ഞു. ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന് മുന്നോടിയായി ദൂരദർശന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഭ്രമയുഗം’ സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ പ്രത്യേകിച്ച് താൻ മാജിക്കൊന്നും ചെയ്യാറില്ലെന്നും സെറ്റിലെത്തുമ്പോൾ എന്തോ ഒന്ന് തനിക്കരികിലേക്ക് വരുന്നതുപോലെയാണ് അനുഭവപ്പെടുന്നതെന്നും മമ്മൂട്ടി പറഞ്ഞു. കഥാപാത്രത്തിനായി വലിയ തയ്യാറെടുപ്പുകളൊന്നും നടത്താറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“രാജ്യത്തിന്റെ അംഗീകാരം ലഭിക്കുക എന്നത് ഏതൊരു കലാകാരനും വലിയൊരു പ്രചോദനമാണ്. എന്റെ നാലാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവാനാണ്. ഇതൊരു നീണ്ട യാത്രയായിരുന്നു. സംവിധായകർ, സാങ്കേതിക പ്രവർത്തകർ, സഹതാരങ്ങൾ, നിർമാതാക്കൾ, എന്നെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തവർ തുടങ്ങി നിരവധി പേർ ഈ യാത്രയിൽ എനിക്കൊപ്പമുണ്ടായിരുന്നു. ഇത്രയും കാലം അവരെ എന്റർടെയ്ൻ ചെയ്യിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്,” മമ്മൂട്ടി പറഞ്ഞു.

ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അതിനായി കഠിനമായി പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഭ്രമയുഗ’ത്തിലെ കഥാപാത്രത്തെ തിരഞ്ഞെടുത്തതല്ലെന്നും തിരക്കഥയാണ് തന്നെ ആകർഷിച്ചതെന്നും മമ്മൂട്ടി പറഞ്ഞു. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം സെറ്റിലെത്തുമ്പോൾ കഥാപാത്രം തനിക്കരികിലേക്ക് എത്തുന്നതുപോലെയാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഥാപാത്രത്തിന്റെ രൂപം തനിക്ക് മുന്നിൽ ആദ്യം അവതരിപ്പിച്ചതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നുവെന്നും മമ്മൂട്ടി വ്യക്തമാക്കി. മേക്കപ്പ് മാനോടും കോസ്റ്റ്യൂം ഡിസൈനറോടും ഒപ്പം അരമണിക്കൂറോളം ചെലവഴിച്ച ശേഷമാണ് കഥാപാത്രമായി മാറാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകൻ, മേക്കപ്പ് ആർട്ടിസ്റ്റ്, കോസ്റ്റ്യൂം ഡിസൈനർ, കാമറാമാൻ എന്നിവരോടും മമ്മൂട്ടി നന്ദി അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക