കേരളത്തിന് പുതിയ ബിജെപി പ്രഭാരി; പ്രകാശ് ജാവഡേക്കറിന് പകരം എം. നാഗരാജ്

നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് വിവിധ സംസ്ഥാനങ്ങളിലെ പ്രഭാരിമാരെ പുനഃസംഘടിപ്പിച്ച് ബിജെപി. കേരളത്തിന്റെ ചുമതലയിൽ നിന്ന് പ്രകാശ് ജാവഡേക്കറെ മാറ്റി രാജ്യസഭാ എംപിയായ എം. നാഗരാജിനെ പുതിയ സംസ്ഥാന പ്രഭാരിയായി നിയമിച്ചു.

ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പുറത്തിറക്കിയ പട്ടികയിലാണ് പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചത്. കർണാടകയിൽ നിന്നുള്ള രാജ്യസഭാ അംഗമായ എം. നാഗരാജിന് കേരളത്തിന്റെ സംഘടനാ ചുമതല നൽകിയപ്പോൾ, തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി ദേശീയ സെക്രട്ടറി എൻ. വെങ്കിടേഷിനെ കേരളത്തിന്റെ സഹപ്രഭാരിയായി നിയോഗിച്ചു.

അതേസമയം, മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല നൽകി. മുൻ കേന്ദ്രമന്ത്രി ജോർജ് കുര്യനെ ലക്ഷദ്വീപിന്റെ പ്രഭാരിയായും നിയമിച്ചു.

ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണിക്ക് നാഗാലാൻഡിന്റെയും ഗോവയുടെയും പ്രഭാരി ചുമതല നൽകിയിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുള്ള സംഘടനാ പുനഃസംഘടനയുടെ ഭാഗമായാണ് പുതിയ നിയമനങ്ങളെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്

മറുപടി രേഖപ്പെടുത്തുക