ഷമിയുടെ യുഗം കഴിഞ്ഞു; ടീമിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ അർത്ഥമില്ല: ദിനേശ് കാർത്തിക്

മുതിർന്ന ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ ഏതാണ്ട് അവസാനിച്ചുവെന്ന് മുൻ ഇന്ത്യൻ താരം കൂടിയായ കമന്റേറ്റർ ദിനേശ് കാർത്തിക്. ഷമിയെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുകൊണ്ടുവരേണ്ട സാഹചര്യമില്ലെന്നും നിലവിൽ ടീമിന് ആവശ്യമായ പേസർമാർ ഉണ്ടെന്നും കാർത്തിക് വ്യക്തമാക്കി.

2025ലാണ് ഷമി അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്. പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും ഉൾപ്പെടെയുള്ള കാരണങ്ങളാൽ പിന്നീട് ദേശീയ ടീമിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം തുടരുന്നുണ്ടെങ്കിലും ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന്റെ സാധ്യതകൾ മങ്ങുകയാണെന്നാണ് വിലയിരുത്തൽ.

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയെങ്കിലും ഇന്ത്യൻ ബൗളർമാരുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയർന്നിരുന്നില്ല. ബാറ്റർമാർക്ക് അനുകൂലമായ പിച്ചുകളിൽ ഇന്ത്യൻ പേസർമാർ കൂടുതൽ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഷമിയെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ഉയർന്നിരുന്നു.

എന്നാൽ ഷമിയുടെ തിരിച്ചുവരവിനെ പിന്തുണയ്ക്കുന്നില്ലെന്നാണ് ദിനേശ് കാർത്തിക് ക്രിക്ക്ബസിനോട് പ്രതികരിച്ചത്. ടീമിൽ ഇതിനകം തന്നെ നിരവധി പേസർമാരുണ്ടെന്നും ഷമിയെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന താരങ്ങൾ നിലവിലെ സംഘത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിൽ ഷമി മികച്ച രീതിയിൽ പന്തെറിയുന്നുണ്ടെങ്കിലും ദേശീയ ടീമിലേക്ക് തിരിച്ചുകൊണ്ടുവരേണ്ട ആവശ്യമില്ലെന്നും കാർത്തിക് അഭിപ്രായപ്പെട്ടു.

മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയ പരിചയസമ്പന്നരായ പേസർമാർക്ക് പുറമെ ഗുർണൂർ ബ്രാർ, അഖിബ് നബി, അൻഷുൽ കംബോജ് തുടങ്ങിയ യുവ താരങ്ങൾക്കും അവസരങ്ങൾ നൽകുന്നുണ്ടെന്നും കാർത്തിക് ചൂണ്ടിക്കാട്ടി.

അതേസമയം, സീനിയർ താരങ്ങളായ രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും കാര്യത്തിൽ കാർത്തിക്കിന്റെ നിലപാട് വ്യത്യസ്തമാണ്. ഇരുവരും ഏകദിന ടീമിൽ തുടരണമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വർഷത്തെ ലോകകപ്പിന് ശേഷം ഇരുവരും വിരമിച്ചാൽ ഏകദിന ക്രിക്കറ്റിന് അത് വലിയ തിരിച്ചടിയാകുമെന്നും കാർത്തിക് അഭിപ്രായപ്പെട്ടു.

രോഹിത്തും കോഹ്‌ലിയും ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ താരങ്ങളാണെന്നും ഇന്ത്യയിൽ നിന്നുള്ള ഈ രണ്ട് താരങ്ങളുടെ അഭാവം ക്രിക്കറ്റിൽ വലിയ സ്വാധീനം ചെലുത്തുമെന്നും കാർത്തിക് കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക