കെ.സി വേണുഗോപാലിനെതിരായ സൈബർ ആക്രമണക്കേസിൽ അന്വേഷണം മന്ദഗതിയിലാണെന്ന വിമർശനം ശക്തമാകുന്നു. വി.ഡി. സതീശൻ അനുകൂലികളെന്ന് ആരോപിക്കപ്പെടുന്ന അഞ്ച് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആലപ്പുഴ സൈബർ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
കെ.സി വേണുഗോപാൽ സൈബർ ആക്രമണത്തെ വിമർശിച്ചിട്ടുണ്ടെങ്കിലും കേസുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന നിലപാടിലാണെന്നാണ് സൂചന. എന്നാൽ പരാതി നൽകിയ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോൺസൺ എബ്രഹാം പരാതിയിൽ ഉറച്ചുനിൽക്കുകയാണ്.
ഡിജിപിക്കുൾപ്പെടെ പരാതി നൽകിയിട്ട് രണ്ട് മാസം പിന്നിട്ടിട്ടും കാര്യമായ നടപടിയില്ലെന്നാണ് കെ.സി അനുകൂലികളുടെ ആക്ഷേപം. അതേസമയം, ഗ്രൂപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ നിയമനടപടികളിൽ അതീവ ജാഗ്രത പുലർത്തുകയാണ് പൊലീസിന്റെ നിലപാട്.
സെപ്റ്റംബർ 27നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശത്തെ തുടർന്ന് കേസെടുത്തത്. സ്വന്തം പാർട്ടിയിലെ നേതാക്കളെ സൈബർ ഇടങ്ങളിൽ അപമാനിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് അന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചിരുന്നു.
