മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച പരാതിയിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുന്‍ഷി. അടൂർ പ്രകാശ് പ്രകടിപ്പിച്ചത് വ്യക്തിപരമായ അഭിപ്രായമാണെന്നും വിഷയത്തിൽ ഔദ്യോഗിക പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
അടൂർ പ്രകാശിന്റെ വാർത്താസമ്മേളനം ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും എന്നാൽ പരാതി പാർട്ടി ഫോറങ്ങളിൽ ഉന്നയിച്ചതായി അറിവില്ലെന്നും ദീപാ ദാസ്മുന്‍ഷി പറഞ്ഞു. വി.ഡി. സതീശൻ നേതൃത്വം നൽകുന്ന സർക്കാർ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും യുഡിഎഫ് സർക്കാർ പുതിയ ആശയങ്ങളും പദ്ധതികളും നടപ്പാക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
യുഡിഎഫ് യോഗം അടുത്ത രണ്ട് ദിവസത്തിനകം ചേരുമെന്നും നിലവിൽ മുന്നണിക്കുള്ളിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ദീപാ ദാസ്മുന്‍ഷി വ്യക്തമാക്കി.
യുഡിഎഫിൽ ആവശ്യമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും പ്രധാന തീരുമാനങ്ങൾ ചർച്ചകളില്ലാതെയാണ് കൈക്കൊള്ളുന്നതെന്നും ആരോപിച്ച് അടൂർ പ്രകാശ് നേരത്തെ രംഗത്തെത്തിയിരുന്നു. തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ നേരിൽ കണ്ട് പരാതി നൽകിയതായും അദ്ദേഹം അറിയിച്ചിരുന്നു.
