സ്ത്രീപീഡകരെ സിപിഎം സംരക്ഷിക്കില്ല; തെറ്റ് ചെയ്തവർക്കെതിരെ ശക്തമായ നടപടി: പി.കെ. ശ്രീമതി

സ്ത്രീപീഡന ആരോപണങ്ങൾ നേരിടുന്നവരെ സംരക്ഷിക്കുന്ന പാർട്ടിയല്ല സിപിഐഎമ്മെന്ന് മുതിർന്ന നേതാവ് പി.കെ. ശ്രീമതി. സ്ത്രീപീഡന പരാതികളിൽ എല്ലാ കാലത്തും പാർട്ടി ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും തെറ്റ് ചെയ്തവരെ ഒരു ഘട്ടത്തിലും സംരക്ഷിച്ചിട്ടില്ലെന്നും ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരായ സൈബർ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിപ്പിട്ടതെന്നും അവർ വ്യക്തമാക്കി. പാലക്കാട്ടേക്ക് പോകുന്നില്ലേ, സംഭവത്തിന്റെ തീവ്രത അളക്കാൻ പോകുന്നില്ലേ തുടങ്ങിയ ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടിയായാണ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയതെന്നും ശ്രീമതി പറഞ്ഞു.

സ്ത്രീകളെയോ പെൺകുട്ടികളെയോ പീഡിപ്പിച്ചവർക്കെതിരെ, അവർ എത്ര ഉന്നതരായാലും, സിപിഐഎം നിർദാക്ഷിണ്യം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇനിയും അതുതന്നെയായിരിക്കുമെന്നും ശ്രീമതി പറഞ്ഞു. ഇത്തരം ആളുകളെ പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ലെന്നും അവർ വ്യക്തമാക്കി.

അതേസമയം, ഇപ്പോൾ കേരളത്തിലെ പാർട്ടി കമ്മിറ്റികളിൽ താൻ പങ്കെടുക്കാറില്ലെന്നും മാധ്യമങ്ങളിൽ വന്ന വാർത്തകളെക്കുറിച്ച് പാർട്ടി സെക്രട്ടറിയോട് അന്വേഷിച്ചിട്ടില്ലെന്നും ശ്രീമതി പറഞ്ഞു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ പാർട്ടി സെക്രട്ടറി തന്നോട് പറയുമെന്നും അല്ലെങ്കിൽ കമ്മിറ്റി യോഗത്തിൽ വ്യക്തമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

താൻ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ തന്റെ പേരിൽ പ്രചരിപ്പിച്ച് അപമാനിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ശ്രീമതി പ്രതികരിച്ചു. സ്ത്രീപീഡനക്കേസുകളിൽ താൻ പാർട്ടിക്ക് സംരക്ഷണം നൽകുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങൾ തള്ളിയ അവർ, തെറ്റ് ചെയ്തവർക്ക് സംരക്ഷണം നൽകുന്നതല്ല തന്റെ പാർട്ടിയുടെ നിലപാടെന്നും വ്യക്തമാക്കി.

ഇതിനിടെ, സുരേഷ് ബാബുവിനെതിരെ നടപടി ഉണ്ടാകുമോയെന്ന ചോദ്യത്തിനും ശ്രീമതി പ്രതികരിച്ചു. സ്ത്രീപീഡകരാണെങ്കിൽ അവർക്ക് പാർട്ടിയുടെ സംരക്ഷണം ലഭിക്കില്ലെന്നായിരുന്നു മറുപടി. “വിനാശകാലേ വിപരീതബുദ്ധി” എന്ന പരാമർശവും കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ശ്രീമതി നടത്തിയിരുന്നു.

മറുപടി രേഖപ്പെടുത്തുക