മുഖ്യമന്ത്രിയായതിന് പിന്നാലെ തന്നെ സ്റ്റിംഗ് ഓപ്പറേഷനിൽ കുടുക്കാൻ ചിലർ ശ്രമിച്ചെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സംഭവവുമായി ബന്ധപ്പെട്ട ഫോട്ടോകളും രേഖകളും തന്റെ പക്കലുണ്ടെന്നും ഇതിന് പിന്നിൽ ആരാണെന്ന് തനിക്ക് അറിയാമെന്നും ശിവകുമാർ ആരോപിച്ചു.
വ്യാഴാഴ്ച ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം ചിലർ തന്നെ സമീപിച്ചിരുന്നുവെന്നും അവർ ആരാണെന്നും ആർക്കുവേണ്ടിയാണ് എത്തിയതെന്നും തനിക്ക് അറിയാമെന്നും ശിവകുമാർ പറഞ്ഞു. കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമമാണ് നടന്നതെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും തന്നെ സമീപിച്ചവരുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിച്ചിട്ടുണ്ടെന്നും ശിവകുമാർ വ്യക്തമാക്കി. എന്നാൽ, വിഷയവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരാണ് ഇവരെ അയച്ചത്, ആരെയാണ് അവർ കണ്ടത്, എന്തിനാണ് എത്തിയതെന്നതടക്കമുള്ള കാര്യങ്ങൾ തനിക്ക് അറിയാമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
സർക്കാർ ഉദ്യോഗസ്ഥരെയും ഇത്തരം കെണികളിൽ വീഴ്ത്താൻ ശ്രമങ്ങൾ ഉണ്ടാകാമെന്ന് ശിവകുമാർ മുന്നറിയിപ്പ് നൽകി. ജാഗ്രത പാലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ചുറ്റുമുള്ള മൂന്ന് ഇടങ്ങളിൽ ആളുകളെ നിയോഗിച്ചിട്ടുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ടെന്ന് ശിവകുമാർ ആരോപിച്ചു.
തന്നെ മാത്രമല്ല, മറ്റുള്ളവരെയും ലക്ഷ്യമിട്ട് സ്റ്റിംഗ് ഓപ്പറേഷനുകൾ നടക്കുന്നുണ്ടെന്നും ഇതിന് പിന്നിലുള്ളവരെക്കുറിച്ചും അവർക്കുള്ള സാമ്പത്തിക സഹായത്തെക്കുറിച്ചും വിവരങ്ങൾ തന്റെ പക്കലുണ്ടെന്നും ശിവകുമാർ അവകാശപ്പെട്ടു.
കോൺഗ്രസ് മന്ത്രിമാരെ ലക്ഷ്യമിട്ട് സ്റ്റിംഗ് ഓപ്പറേഷനുകൾ നടത്താൻ സാധ്യതയുണ്ടെന്ന് അടുത്തിടെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ശിവകുമാർ മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ശിവകുമാറിന്റെ പരാമർശങ്ങളെ ചോദ്യം ചെയ്തത്.
കർണാടക ബിജെപി പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രയും ശിവകുമാറിന്റെ ആരോപണങ്ങളെ വിമർശിച്ചു. സ്റ്റിംഗ് ഓപ്പറേഷനുകൾ നടത്തുകയും അതിലൂടെ ആളുകളെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്യുന്നത് കോൺഗ്രസിന്റെ മുൻകാല രീതിയാണെന്ന് അദ്ദേഹം ആരോപിച്ചു. മുൻകാലങ്ങളിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാലാണ് ശിവകുമാർ ഇപ്പോൾ ആശങ്കപ്പെടുന്നതെന്ന് ബിജെപി നേതാവ് ആർ. അശോകും വിമർശിച്ചു.
