അധ്യാപകർ ധരിക്കേണ്ടത് ചുരിദാറോ സാരിയോ? തീരുമാനിക്കേണ്ടത് വ്യക്തി; വസ്ത്രധാരണത്തിൽ ഹൈക്കോടതിയുടെ ശക്തമായ നിലപാട്

ഏത് വസ്ത്രം ധരിക്കണമെന്നത് പൗരന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗമാണെന്നും ഹൈക്കോടതി. നിയമത്തിന്റെ പിന്‍ബലമില്ലാതെ ഒരാള്‍ പ്രത്യേക വസ്ത്രം ധരിക്കണമെന്നോ ധരിക്കരുതെന്നോ നിര്‍ദേശം നല്‍കാന്‍ വ്യക്തിക്കോ സമൂഹത്തിനോ അധികാരമില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

ചുരിദാര്‍ ധരിച്ച് സ്‌കൂളിലെത്തുന്നത് വിലക്കിയ സ്‌കൂള്‍ മാനേജരുടെ നടപടി ചോദ്യം ചെയ്ത് കൊട്ടാരക്കര ഈശ്വരവിലാസം ഹൈസ്‌കൂള്‍ പ്രഥമാധ്യാപിക സിന്ധു എസ്. നായര്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. ചുരിദാര്‍ ധരിച്ചെത്തിയതിനെ തുടര്‍ന്ന് മാനേജരുടെ നിര്‍ദേശപ്രകാരം തന്നെ സ്‌കൂള്‍ ഗേറ്റില്‍ തടഞ്ഞെന്നും പൊലീസ് സംരക്ഷണം അനുവദിക്കണമെന്നുമായിരുന്നു ഹരജിക്കാരിയുടെ ആവശ്യം.

മാനേജര്‍ ഹരജിക്കാരിയെ തടസ്സപ്പെടുത്തിയാല്‍ ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കാന്‍ കൊട്ടാരക്കര എസ്.എച്ച്.ഒയ്ക്ക് കോടതി നിര്‍ദേശം നല്‍കി. മാനേജരെ അയോഗ്യനാക്കണമെന്ന ആവശ്യത്തില്‍ മതിയായ കാരണങ്ങളുണ്ടെങ്കില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം നടക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നിരീക്ഷണം നടത്തുന്നതില്‍നിന്ന് കോടതി വിട്ടുനിന്നു.

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സര്‍ക്കുലര്‍ പ്രകാരം സ്‌കൂളില്‍ ചുരിദാര്‍ ധരിക്കാന്‍ അനുമതിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ചുരിദാറിന് പകരം സാരി ധരിച്ച് സ്‌കൂളിലെത്തണമെന്ന് മാനേജര്‍ ആവശ്യപ്പെട്ടെന്നായിരുന്നു ഹരജിക്കാരിയുടെ വാദം. എന്നാല്‍, ഇക്കാര്യം തെറ്റാണെന്നും ജോലിയിലെ വീഴ്ച മറച്ചുവയ്ക്കാന്‍ അധ്യാപിക തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നുമായിരുന്നു മാനേജരുടെ വാദം.

ഫെബ്രുവരി മൂന്നിന് ചുരിദാര്‍ ധരിച്ച് സ്‌കൂളിലെത്തിയ പ്രധാനാധ്യാപികയെ സാരി ധരിച്ച് വരണമെന്ന് ഭീഷണിപ്പെടുത്തി ഗേറ്റില്‍ തടഞ്ഞതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് അധ്യാപിക സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ പ്രതിഷേധിച്ചു. അധ്യാപികയുടെ പരാതിയില്‍ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ കേസെടുത്തതിന് പിന്നാലെ മാനേജ്‌മെന്റ് ഇയാളെ സ്‌കൂളില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. മാനേജരുടെ നിര്‍ദേശപ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നായിരുന്നു സുരക്ഷാ ജീവനക്കാരന്റെ വിശദീകരണം.

മറുപടി രേഖപ്പെടുത്തുക