വന്ദേമാതരം സെമിനാറിലെ പ്രതിഷേധം; കേന്ദ്ര സർവകലാശാലയിലെ 25 വിദ്യാർഥികൾക്കെതിരെ കേസ്

വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച കാസർകോട് കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേർന്ന് സെമിനാർ അലങ്കോലപ്പെടുത്തിയെന്നാണ് എഫ്ഐആറിലെ ആരോപണം.

സെമിനാറിന്റെ നടപടികൾ തടസപ്പെടുത്തിയ വിദ്യാർഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർവകലാശാല നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, വിദ്യാർഥികൾക്കെതിരായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ പരാമർശത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം ശക്തമാക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം.

വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഗവർണർ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങളാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സെമിനാറിൽ ആർഎസ്എസ് നേതാക്കളെ പങ്കെടുപ്പിക്കുന്നതിനെതിരെ ചൊവ്വാഴ്ച ലൈബ്രറി ഹാളിന് പുറത്തായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. ബുധനാഴ്ച പ്രതിഷേധക്കാർ ഹാളിനകത്തേക്ക് പ്രവേശിക്കുകയായിരുന്നു.

ഗവർണർ ക്യാമ്പസിൽ നിന്ന് മടങ്ങിയതിന് ശേഷമാണ് വിദ്യാർഥികൾ സംഘടിച്ചെത്തിയത്. ഇതിനിടെ സർവകലാശാല പ്രോക്ടർ കെ. ശ്രീകുമാർ സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കുന്നത് വിദ്യാർഥികൾ തടഞ്ഞു. പ്രസംഗത്തിനിടെ മൈക്ക് ഓഫ് ചെയ്യുകയും ഷൂസ് ഉയർത്തിപ്പിടിക്കുകയും ചെയ്തായിരുന്നു പ്രതിഷേധം.

പ്രതിഷേധിക്കുന്ന വിദ്യാർഥികളെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന സമീപനമാണ് ഗവർണർ സ്വീകരിച്ചതെന്ന് വിദ്യാർഥികൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധവും രാഷ്ട്രീയ വിവാദവും കൂടുതൽ ശക്തമാകുകയാണ്.

മറുപടി രേഖപ്പെടുത്തുക