എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാൻ വേണുഗോപാലിന് സമയമില്ലെന്നും അദ്ദേഹത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ചിലർ പ്രസ്താവനകൾ നടത്തുകയാണെന്നും ഉണ്ണിത്താൻ ആരോപിച്ചു.
കെ.സി. വേണുഗോപാലിനൊപ്പം നിൽക്കുന്നവരാണ് അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതെന്നും കേരളത്തിൽ ഇനിയും നിരവധി പേർ സ്ഥാനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രസ്താവനകൾ നടത്തുന്നവരുടെ താൽപര്യങ്ങൾ വ്യക്തമായി അറിയാമെന്നും അവരുടെ നിലപാടുകൾ മൂലം ദോഷം സംഭവിക്കുന്നത് വേണുഗോപാലിനാണെന്നും ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിക്കവെ ഉണ്ണിത്താൻ വ്യക്തമാക്കി.
വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. ഇരിക്കുന്ന പദവിയുടെ മഹത്വം മനസ്സിലാക്കി വേണം മന്ത്രിമാർ പ്രതികരിക്കാനെന്നും യോഗ്യതയുള്ള നിരവധി പേരെ മാറ്റിനിർത്തിയാണ് ചിലർക്ക് മന്ത്രിസ്ഥാനം നൽകിയതെന്നും ഉണ്ണിത്താൻ പറഞ്ഞു. ലഭിച്ച അവസരത്തിനനുസരിച്ച് ഉയരാൻ ഓരോ മന്ത്രിക്കും കഴിയണം. എല്ലാ മന്ത്രിമാരെയും ഗൺപോയിന്റിൽ നിർത്താനുള്ള കാര്യങ്ങൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറുമാസം കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ മുഖ്യമന്ത്രിയുടെ കൈവശം അലാവുദ്ദീന്റെ അത്ഭുതവിളക്കില്ലെന്നും ഉണ്ണിത്താൻ പരിഹസിച്ചു.
