‘സംഘപരിവാറിന് പൊലീസ് കാവൽ’; കേരള കേന്ദ്ര സർവകലാശാല വിഷയത്തിൽ പിണറായി വിജയൻ

കാസർഗോട്ടെ കേരള കേന്ദ്ര സർവകലാശാലയിൽ ആർഎസ്എസ് പരിപാടിക്ക് കേരള പൊലീസ് സംരക്ഷണം ഒരുക്കിയ നടപടി അപലപനീയമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. സംഘപരിവാർ സംഘടന ഒഴികെയുള്ള വിദ്യാർഥി സംഘടനകളെല്ലാം പ്രതിഷേധിച്ചിട്ടും പരിപാടിക്ക് സർക്കാർ ഒത്താശ ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവൽക്കരിക്കാനും ക്യാമ്പസുകളിൽ വർഗീയ അജണ്ടകൾ നടപ്പാക്കാനുമുള്ള സംഘപരിവാർ നീക്കങ്ങൾക്ക് യുഡിഎഫ് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും പിണറായി വിജയൻ വിമർശിച്ചു.

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ രാഷ്ട്രീയം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടി അക്കാദമിക് സ്വഭാവമുള്ളതാണെന്നാണ് സർവകലാശാലയുടെ വാദമെങ്കിൽ, അക്കാദമിക് പശ്ചാത്തലമില്ലാത്ത ആർഎസ്എസ് നേതാവിനെ പരിപാടിയിലേക്ക് ക്ഷണിച്ചതിന് എന്ത് ന്യായീകരണമാണ് അധികൃതർക്ക് പറയാനുള്ളതെന്നും പിണറായി ചോദിച്ചു.

പരിപാടിക്കായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർഥികളെപ്പോലും ഹാളിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞുനിർത്തിയ സാഹചര്യമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്വേഷ പ്രചാരണത്തിന്റെയും വർഗീയതയുടെയും കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങളെ കേരളം എക്കാലവും പ്രതിരോധിച്ചിട്ടുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. എന്നാൽ, ഇത്തരം ശക്തികൾക്ക് ഇടമൊരുക്കാൻ സംസ്ഥാന പൊലീസിനെ ഉപയോഗിക്കുന്നത് യുഡിഎഫ് സർക്കാരിന്റെ ആർഎസ്എസ് പ്രീണന നയമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സംഘപരിവാറിന് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കാൻ പൊലീസ് കാവലൊരുക്കുന്നത് മതനിരപേക്ഷ കേരളത്തോടുള്ള വെല്ലുവിളിയാണെന്നും പിണറായി വിജയൻ പറഞ്ഞു. വിഷയത്തിൽ പൊതുസമൂഹത്തിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക