മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയിലെ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) നടപടിയിൽ ക്രമക്കേടുകൾ ആരോപിച്ചും ഡൽഹിയിൽ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം. പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനമായ നിർവചൻ സദനിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധം സംഘർഷഭരിതമായി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയും നിരവധി എംപിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് ആരംഭിക്കുകയായിരുന്നു. ആകാശവാണി ഭവന് സമീപം പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾക്ക് മുന്നിൽ മാർച്ച് തടഞ്ഞു. ഇതോടെ നേതാക്കളും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായി.
തടഞ്ഞതിനെ തുടർന്ന് രാഹുൽ ഗാന്ധി ബാരിക്കേഡിന് മുകളിൽ കയറി ദേശീയപതാക ഉയർത്തി പ്രതിഷേധിച്ചു. തുടർന്ന് പ്രതിപക്ഷ നേതാക്കൾ റോഡിൽ ഇരുന്ന് ധർണ നടത്തി. ഇതിനുപിന്നാലെയാണ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ്, ശിവസേന (യുബിടി) നേതാക്കൾ ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആകാശവാണി ഭവൻ പരിസരത്തേക്ക് പ്രവേശിച്ചതോടെ സംഭവങ്ങൾക്ക് വീണ്ടും നാടകീയ വഴിത്തിരിവുണ്ടായി. ഇരുവരും അവിടെ പ്രതിഷേധം തുടർന്നു. തുടർന്ന് മറ്റ് കോൺഗ്രസ് നേതാക്കളും എംപിമാരും സ്ഥലത്തെത്തി.
എസ്‌ഐആർ നടപടിയിൽ സുതാര്യതയില്ലെന്നും വോട്ടർപട്ടികയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ആരോപിച്ചാണ് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയത്. എസ്‌ഐആർ പിൻവലിക്കുക, നീക്കം ചെയ്തതായി ആരോപിക്കുന്ന വോട്ടർമാരുടെ പേരുകൾ പുനഃസ്ഥാപിക്കുക, ഗ്യാനേഷ് കുമാർ രാജിവയ്ക്കുക എന്നിവയാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യങ്ങൾ.
അതിനിടെ, ഗ്യാനേഷ് കുമാറിനെ നേരിട്ട് ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി സാമൂഹികമാധ്യമമായ എക്‌സിൽ പ്രതികരിച്ചു. ‘ഗ്യാനേഷ്, എല്ലാം കഴിഞ്ഞു; രാജിവയ്ക്കാനുള്ള സമയമായി’ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
എസ്‌ഐആർ നടപടിയെച്ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷനും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഡൽഹിയിലെ പ്രതിഷേധം ശക്തമായത്. അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ബിജെപി തള്ളിയിട്ടുണ്ട്.
