5ജി കുതിപ്പ്; മൊബൈൽ കണക്റ്റിവിറ്റി ഭരണത്തിന്റെ പുതിയ കരുത്തെന്ന് പ്രധാനമന്ത്രി

ടെലികോം മേഖല നെറ്റ്‌വർക്ക്, സ്പെക്ട്രം, ഇന്റർനെറ്റ് വേഗത എന്നിവയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, ജനങ്ങളിലേക്ക് സർക്കാർ സേവനങ്ങൾ കാര്യക്ഷമമായി എത്തിക്കുന്നതിൽ മൊബൈൽ കണക്റ്റിവിറ്റി നിർണായക ശക്തിയായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ആരംഭിച്ച പത്താമത് ‘ഇന്ത്യ മൊബൈൽ കോൺഗ്രസ്’ 2026 സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദശകത്തിൽ മൊബൈൽ ഫോണുകൾ ആശയവിനിമയ ഉപകരണങ്ങളിൽ നിന്ന് നല്ല ഭരണത്തിനുള്ള പ്രധാന ഉപകരണങ്ങളായി മാറിയെന്ന് മോദി പറഞ്ഞു. രാജ്യത്തെ എല്ലാ ജില്ലകളിലും 5ജി കണക്റ്റിവിറ്റി എത്തിയതായും 5.5 ലക്ഷത്തിലേറെ 5ജി ബേസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 2022നെ അപേക്ഷിച്ച് മൊബൈൽ ഇന്റർനെറ്റ് വേഗത പത്തിരട്ടിയായി വർധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് രാജ്യത്തെ ഓഫീസുകൾ, ബാങ്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ സഹായത്തോടെ പ്രവർത്തനം തുടരാൻ കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘സ്കെയിൽ വിത്തൗട്ട് ബൗണ്ടറീസ്’ എന്നതാണ് ഈ വർഷത്തെ ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ പ്രമേയം. ഒക്ടോബർ 7 മുതൽ 10 വരെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പും സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക