പ്രായപരിധി ശുദ്ധ അസംബന്ധം; രാഷ്ട്രീയ പാർട്ടികളിലെ പ്രായനിയന്ത്രണത്തിനെതിരെ ജി. സുധാകരൻ

രാഷ്ട്രീയ പാർട്ടികളിൽ നേതാക്കൾക്ക് പ്രായപരിധി നിശ്ചയിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ. പ്രായപരിധി നിശ്ചയിക്കുന്നത് ശുദ്ധ അസംബന്ധവും ബുദ്ധിയില്ലായ്മയും ചരിത്രനിരാസവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവന്നവർ അതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നുണ്ടെന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും സുധാകരൻ പരിഹസിച്ചു. നിയമസഭയിൽ മുതിർന്ന പൗരന്മാരുടെ അവകാശസംരക്ഷണ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെയായിരുന്നു പരാമർശം.

പ്രായപരിധി ഒരു പാർട്ടിയുടെ മാത്രം വിഷയമല്ലെന്നും സിപിഐഎം, കോൺഗ്രസ്, ബിജെപി തുടങ്ങിയ പാർട്ടികളിലെല്ലാം മുതിർന്ന നേതാക്കളെ പ്രായത്തിന്റെ പേരിൽ മാറ്റിനിർത്തുന്നത് ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു. എം. വിൻസെന്റ് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് സുധാകരന്റെ പരാമർശങ്ങൾ സഭയിൽ ചിരിപടർത്തിയത്.

‘ഓൾഡ് ഈസ് ഗോൾഡ്’ ആണെന്നും ‘ഓൾഡ് ഈസ് വേസ്റ്റ്’ അല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. നരേന്ദ്ര മോദി, ജവഹർലാൽ നെഹ്റു, ലാൽ ബഹാദൂർ ശാസ്ത്രി, വി.പി. സിങ്, ഇ.എം.എസ്. നമ്പൂതിരിപ്പാട്, സി. അച്യുതമേനോൻ തുടങ്ങിയവർ 60 വയസ്സിന് ശേഷമാണ് പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയ പദവികളിലെത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും പ്രായമുണ്ടെന്നും സുധാകരൻ പറഞ്ഞു.

തനിക്ക് ഇപ്പോൾ 75 വയസ്സ് തികഞ്ഞിട്ടില്ലെന്നും മൂന്നര വയസ്സിൽ അക്ഷരം പഠിച്ചെങ്കിലും ആറാം വയസ്സിലാണ് സ്കൂളിൽ ചേർന്നതെന്നും അദ്ദേഹം സഭയിൽ വിശദീകരിച്ചു.

മുതിർന്ന പൗരന്മാരുടെ അവകാശസംരക്ഷണ ബില്ലുമായി ബന്ധപ്പെട്ട് മറ്റൊരു നിർദേശവും സുധാകരൻ മുന്നോട്ടുവച്ചു. മുതിർന്ന പൗരന്മാർ മറ്റുള്ളവർക്ക് കൈമാറിയ സ്വത്ത് അവർ സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ തിരിച്ചെടുക്കാനുള്ള അവകാശം നിയമത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെക്കുറിച്ചും അദ്ദേഹം തമാശയായി പരാമർശിച്ചു. യുവത്വത്തിൽനിന്ന് മധ്യവയസ്സിലേക്ക് കടന്ന സതീശന് 80 വയസ്സ് കഴിഞ്ഞാലും ജീവിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ ഈ നിയമം അദ്ദേഹത്തിനും പ്രയോജനപ്പെടുമെന്നും സുധാകരൻ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക