വോട്ട് ചോരിക്കും എസ്‌ഐആറിനുമെതിരായ പ്രക്ഷോഭം തുടരും; ഗ്യാനേഷ് കുമാറിന് രാജിവയ്‌ക്കേണ്ടിവരുമെന്ന് സിജെപി

വോട്ട് ചോരിക്കും വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടിയായ എസ്‌ഐആറിനുമെതിരെ പ്രതിഷേധം തുടരുമെന്ന് സിജെപി നേതാക്കളായ അശുതോഷ് റങ്കയും സൗരവ് ദാസും. പ്രക്ഷോഭത്തിന്റെ സമ്മർദത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് രാജിവയ്‌ക്കേണ്ടിവരുമെന്നും ഇരുവരും വ്യക്തമാക്കി. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കൾ.

ജനങ്ങൾ ഏൽപ്പിച്ച പ്രസ്ഥാനത്തിന്റെ കാവൽക്കാരായാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് അശുതോഷ് റങ്ക പറഞ്ഞു. “ഈ പ്രസ്ഥാനം തുടരും. ഞങ്ങളാൽ കഴിയുന്ന ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കാനാണ് ശ്രമിക്കുന്നത്. ജയിലിൽ കഴിയുമ്പോഴും പ്രസ്ഥാനം സ്വന്തം വഴിയിലൂടെ മുന്നോട്ടുപോയിട്ടുണ്ട്,” അദ്ദേഹം വ്യക്തമാക്കി.

ഭരണകൂടത്തിന്റെ പ്രവർത്തനരീതിയെക്കുറിച്ചും തങ്ങളെക്കുറിച്ചും നിരവധി കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞതായും അശുതോഷ് റങ്ക പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാവി പരിപാടികൾ ചർച്ച ചെയ്തശേഷം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രക്ഷോഭത്തിന്റെ തുടർനടപടികൾ കൂട്ടായി തീരുമാനിക്കുമെന്ന് സൗരവ് ദാസ് അറിയിച്ചു. സിജെപിയുടെ മാത്രം പിന്തുണയല്ല പ്രസ്ഥാനത്തിനുള്ളതെന്നും നിരവധി പേർ ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ചേർന്ന് ആലോചിച്ചായിരിക്കും അടുത്ത തീരുമാനങ്ങൾ കൈക്കൊള്ളുകയെന്നും ഗ്യാനേഷ് കുമാറിന് രാജിവയ്‌ക്കേണ്ടിവരുമെന്നും സൗരവ് ദാസ് അവകാശപ്പെട്ടു.

എസ്‌ഐആർ നടപടികൾക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും സിജെപി തുടർച്ചയായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചുവരികയാണ്.

മറുപടി രേഖപ്പെടുത്തുക