ചേരാനല്ലൂർ വാഹനാപകടം: ജില്ലാ ജഡ്ജിയുടെ നടപടി ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി റിപ്പോർട്ട്

ചേരാനല്ലൂർ വാഹനാപകടത്തിന് പിന്നാലെ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷൻ സന്ദർശിച്ചത് ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തി ഹൈക്കോടതി ജഡ്ജിയുടെ റിപ്പോർട്ട്. തൃശൂർ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് ഹൈക്കോടതി രജിസ്ട്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

പൊലീസ് സ്റ്റേഷനിൽ പോകുന്നതിന് മുമ്പ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ അനുമതി തേടിയിരുന്നില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം. ഔദ്യോഗിക ആവശ്യത്തിനല്ല ജില്ലാ ജഡ്ജി സ്റ്റേഷൻ സന്ദർശിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായാണ് വിവരം.

അപകടം നടന്നതിന് പിന്നാലെ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. അപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾക്കൊപ്പം ഈ സന്ദർശനവും വിവാദമായിരുന്നു. അപകടത്തിൽ പ്രതിയായ 17കാരനെ ജയിലിലെത്തിച്ച സമയത്ത് ജഡ്ജി സ്റ്റേഷനിലുണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

ജഡ്ജിയോടൊപ്പമുണ്ടായിരുന്ന മറ്റൊരു പൊലീസുകാരൻ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയപ്പോൾ ഫോൺ പിടിച്ചുവാങ്ങി ദൃശ്യങ്ങൾ നീക്കം ചെയ്തതായും ആരോപണമുണ്ട്. ജില്ലാ ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതിയുടെ ഭരണനിർവഹണ സമിതി റിപ്പോർട്ട് പരിശോധിക്കും.

മറുപടി രേഖപ്പെടുത്തുക