ഇൻസ്റ്റാഗ്രാമിൽ 90 മിനിറ്റ് വീഡിയോകൾ; യൂട്യൂബിനോട് മത്സരിക്കാൻ മെറ്റയുടെ പുതിയ പദ്ധതി

ഷോർട്ട് റീലുകൾക്ക് പുറമെ ദൈർഘ്യമേറിയ വീഡിയോകളും അവതരിപ്പിക്കാനൊരുങ്ങി ഇൻസ്റ്റാഗ്രാം. പോഡ്‌കാസ്റ്റുകൾ, കോമഡി ഷോകൾ, അഭിമുഖങ്ങൾ തുടങ്ങിയ ഉള്ളടക്കങ്ങൾ പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് കാണാൻ അവസരമൊരുക്കുന്ന പുതിയ ഫീച്ചർ മെറ്റ പരീക്ഷിച്ചുവരികയാണ്. 90 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന ഈ ഫോർമാറ്റിന് ‘ഫീച്ചേഴ്‌സ്’ എന്നാണ് പേരിട്ടിരിക്കുന്നത്.

തിരഞ്ഞെടുത്ത യുഎസ് സ്രഷ്ടാക്കളിലാണ് നിലവിൽ ഫീച്ചർ പരീക്ഷിക്കുന്നത്. ബ്രസീലിലും പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. തിരശ്ചീന സ്ക്രീൻ ഫോർമാറ്റിൽ ദൈർഘ്യമേറിയ വീഡിയോകൾ പങ്കുവെക്കാൻ ഇതിലൂടെ സ്രഷ്ടാക്കൾക്ക് സാധിക്കും. ഇതുവരെ ഹ്രസ്വ വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ഇൻസ്റ്റാഗ്രാം, ദൈർഘ്യമേറിയ ഉള്ളടക്കത്തിലേക്കും സാന്നിധ്യം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ദൈർഘ്യമേറിയ വീഡിയോകളുടെ ചെറുപതിപ്പുകൾ റീലുകളായി പങ്കുവെക്കാനും പുതിയ ഫീച്ചറിൽ അവസരമുണ്ടാകും. റീൽ കാണുന്നവർക്ക് അതിൽ ക്ലിക്ക് ചെയ്ത് പൂർണ വീഡിയോയിലേക്ക് കടക്കാം. ഫീഡ്, എക്‌സ്‌പ്ലോർ വിഭാഗങ്ങളിലും ദൈർഘ്യമേറിയ വീഡിയോകൾ പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ഈ വീഡിയോകളിൽനിന്നുള്ള പരസ്യവരുമാനത്തിന്റെ വിഹിതം സ്രഷ്ടാക്കൾക്ക് നൽകുന്ന കാര്യത്തിൽ ഇൻസ്റ്റാഗ്രാം ഇതുവരെ നയം പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ബ്രാൻഡുകളുമായി കരാറുള്ള സ്രഷ്ടാക്കൾക്ക് അവ തുടരാനാകും. പുതിയ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും എപ്പോൾ ലഭ്യമാകുമെന്ന കാര്യത്തിലും വ്യക്തതയില്ല.

മറുപടി രേഖപ്പെടുത്തുക