ആഭ്യന്തരമന്ത്രി നൽകുന്ന നിർദേശങ്ങൾ പൊലീസ് സേനയിലെ ഒരു വിഭാഗം ചെവിക്കൊള്ളുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നെടുമ്പാശേരി അപകടവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വീകരിച്ച നിലപാട് കൃത്യമായിരുന്നുവെന്നും അത് ഒരു പ്രദേശത്തെ പൊലീസിന് മാത്രമല്ല, സേനയുടെ തലപ്പത്തുള്ള എല്ലാവർക്കുമുള്ള സന്ദേശമാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
പൊലീസിന്റെ മനോഭാവത്തിൽ മാറ്റമുണ്ടായിട്ടുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. സമ്പന്നർക്കും സ്വാധീനമുള്ളവർക്കും ഒരു നീതിയും സാധാരണക്കാർക്ക് മറ്റൊരു നീതിയും എന്ന സാഹചര്യം രാജ്യത്ത് ഉണ്ടാകാൻ പാടില്ല. സർക്കാർ ഈ നിലപാടിനോട് യോജിക്കുന്നില്ലെന്ന് പറയുമ്പോഴും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാധാരണക്കാർക്ക് നീതി നിഷേധിക്കപ്പെടുന്നത് നാടിനെ അരാജകത്വത്തിലേക്ക് നയിക്കുമെന്ന് പിണറായി മുന്നറിയിപ്പ് നൽകി. ചേരാനെല്ലൂരിൽ മരിച്ച ജയബാലകൃഷ്ണന്റെ മക്കളെ വിളിച്ച് ആശ്വസിപ്പിച്ചപ്പോൾ, തങ്ങൾക്കും സമ്പന്നർക്കും ഇരട്ടനീതിയാണോ ലഭിക്കുന്നതെന്ന് അവർ ചോദിച്ചതായി അദ്ദേഹം പറഞ്ഞു. പൊലീസിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെടുന്ന സാഹചര്യം ഗൗരവത്തോടെ കാണണമെന്നും പൊലീസിന്റെ അതിക്രമങ്ങളും അക്രമവാസനയും നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഭ്യന്തരമന്ത്രി പറയുന്നത് അനുസരിക്കാത്ത പൊലീസ് സേനയെക്കുറിച്ച് നിയമസഭ ചർച്ച ചെയ്യേണ്ടതാണെന്നും ആഭ്യന്തരമന്ത്രിയുടെ നിർദേശങ്ങൾ നടപ്പാക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും പിണറായി വ്യക്തമാക്കി. വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ വാക്കൗട്ട് നടത്തി.
