ചേരാനല്ലൂർ വാഹനാപകടക്കേസിലെ പൊലീസ് നടപടികളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചി സിറ്റി പൊലീസ് തലപ്പത്ത് അഴിച്ചുപണി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷിനെ തൽസ്ഥാനത്തുനിന്ന് മാറ്റി. പകരം ആർ. നിശാന്തിനിയെ പുതിയ കമ്മീഷണറായി നിയമിച്ചു. ഐ.ജി. പി. പ്രകാശിന് ദക്ഷിണമേഖലയുടെ ചുമതലയ്ക്കൊപ്പം എസ്.സി.ആർ.ബി.യുടെ അധിക ചുമതലയും നൽകി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി.
അഡീഷണൽ ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് 55കാരൻ മരിച്ച സംഭവത്തിൽ പൊലീസ് വീഴ്ചയുണ്ടായെന്ന ആരോപണമാണ് വിവാദമായത്. കേസുമായി ബന്ധപ്പെട്ട് ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. സി.ഐ. ശ്യാംകുമാർ, എസ്.എച്ച്.ഒ. വിശ്വജിത്, ഗ്രേഡ് എസ്.ഐ. മനോജ്, സി.പി.ഒ. അരുൺജിത്ത് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
കേസിന്റെ ആദ്യഘട്ട അന്വേഷണത്തിലും നടപടിക്രമങ്ങളിലും വീഴ്ചയുണ്ടായെന്ന ആരോപണത്തെ തുടർന്നാണ് നടപടി. ആഭ്യന്തരമന്ത്രിയുടെ ഇടപെടലിനു പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനും കമ്മീഷണർ തലത്തിലുള്ള മാറ്റവും ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
