ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലെ ഇന്ത്യയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. യുവതാരം വൈഭവ് സൂര്യവംശിക്ക് അവസരം നൽകുന്നതിനായി സ്വന്തം ഓപ്പണിംഗ് സ്ഥാനം വിട്ടുകൊടുത്ത സഞ്ജുവിന്റെ തീരുമാനം വലിയ ത്യാഗമാണെന്നും ഇന്ത്യയ്ക്ക് ഇത്തരം ടീം പ്ലെയർമാരെയാണ് ആവശ്യമെന്നും ജാഫർ പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണറായി ഇറങ്ങി മികച്ച സെഞ്ചുറികൾ നേടിയിട്ടുള്ള താരമാണ് സഞ്ജു സാംസൺ. അത്തരമൊരു താരം മറ്റൊരു യുവതാരത്തിനായി സ്വന്തം ബാറ്റിംഗ് സ്ഥാനം വിട്ടുകൊടുക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് ജാഫർ ചൂണ്ടിക്കാട്ടി. സഞ്ജു പൂർണമായും ഒരു ടീം പ്ലെയറാണെന്നും സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാൻ കഴിവുള്ള താരത്തിന്റെ മനോഭാവം അഭിനന്ദനാർഹമാണെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി. മത്സരശേഷം ഇന്ത്യൻ താരം അഭിഷേക് ശർമയും സഞ്ജുവിന്റെ തീരുമാനത്തെ പ്രശംസിച്ചിരുന്നു.
വൈഭവ് സൂര്യവംശിയുടെ പ്രകടനത്തെയും ജാഫർ അഭിനന്ദിച്ചു. ഐപിഎല്ലും അന്താരാഷ്ട്ര ക്രിക്കറ്റും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 19 പന്തിൽ 45 റൺസ് നേടിയ വൈഭവിന്റെ ഇന്നിംഗ്സ് യുവതാരത്തിന് വലിയ ആത്മവിശ്വാസം നൽകുമെന്നും അഭിപ്രായപ്പെട്ടു.
ഫോമിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുന്ന സീനിയർ പേസർ ഭുവനേശ്വർ കുമാറിനും ജാഫർ പിന്തുണ നൽകി. അന്താരാഷ്ട്ര ക്രിക്കറ്റിൽ താളം കണ്ടെത്താൻ താരത്തിന് കുറച്ചുസമയം ആവശ്യമായി വരുമെന്നും ഭുവനേശ്വറിനെ ടീമിലെടുത്ത തീരുമാനം ശരിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മത്സരത്തിൽ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. വെറും 43 പന്തിൽ ഇരുവരും ചേർന്ന് 133 റൺസ് കൂട്ടിച്ചേർത്തു. 19 പന്തിൽ 45 റൺസായിരുന്നു വൈഭവിന്റെ സംഭാവന. 38 പന്തിൽ 113 റൺസുമായി അഭിഷേക് ശർമ പുറത്താകാതെ നിന്നു.
മൂന്നാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ സഞ്ജു സാംസൺ 13 പന്തിൽ 18 റൺസ് നേടി പുറത്തായി. വെറും 13.2 ഓവറിൽ ലക്ഷ്യം മറികടന്ന ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഇന്ത്യ 3-0ന് അപരാജിത ലീഡ് നേടി പരമ്പരയും സ്വന്തമാക്കി.
