മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളവർധന; കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. പുതിയ നിർദേശപ്രകാരം എംഎൽഎമാരുടെ ശമ്പളം 98,000 രൂപയായും മന്ത്രിമാരുടേത് 1.33 ലക്ഷം രൂപയായും ഉയരും.

മറ്റ് പ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കിഫ്ബി ഭൂമി ഏറ്റെടുക്കൽ: വിജിലൻസ് അന്വേഷണം

കിഫ്ബി വഴി കണ്ണൂർ ജില്ലയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ നടപടികളിലെ വീഴ്ച സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന വിജിലൻസിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു. ധനകാര്യ, റവന്യൂ വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെയായിരിക്കും അന്വേഷണം.

നെന്മാറ ഇരട്ടക്കൊല: കുടുംബത്തിന് സർക്കാർ സഹായം

പാലക്കാട് നെന്മാറയിൽ 2025 ജനുവരി 27-ന് നടന്ന ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട സുധാകരന്റെ മകൾ അതുല്യയ്ക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. പ്രതി ചെന്താമരയാണ് സുധാകരനെ വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഇളയ മകൾ അഖിലയുടെ തുടർപഠനത്തിനായി പ്രത്യേക ധനസഹായവും അനുവദിക്കും.

ഭവനപദ്ധതി: ധനസഹായം വർധിപ്പിച്ചു

പട്ടികജാതി, പട്ടികവർഗ, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായുള്ള പ്രത്യേക ഭവനപദ്ധതിക്ക് ഭരണാനുമതി നൽകി. പട്ടികജാതി കുടുംബങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമുള്ള ഭവന ധനസഹായം നാല് ലക്ഷം രൂപയിൽനിന്ന് ആറ് ലക്ഷം രൂപയായി ഉയർത്തി. പട്ടികവർഗ കുടുംബങ്ങൾക്കുള്ള ധനസഹായം ആറ് ലക്ഷം രൂപയിൽനിന്ന് എട്ട് ലക്ഷം രൂപയായും വർധിപ്പിച്ചു.

ഷൂട്ടിങ് താരം വിദർശ കെ. വിനോദിന് സർക്കാർ ജോലി

2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ഷൂട്ടിങ്ങിൽ രണ്ട് വെള്ളി മെഡലുകൾ നേടിയ വിദർശ കെ. വിനോദിന് സർക്കാർ ജോലി നൽകാൻ തീരുമാനിച്ചു.

പൊലീസിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കും

പൊലീസ് സേനയിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പൊലീസ് കോൺസ്റ്റബിൾ നിയമനത്തിലെ പുരുഷ–വനിതാ അനുപാതം മാറ്റാൻ മന്ത്രിസഭ തീരുമാനിച്ചു. നിലവിലെ 9:1 അനുപാതം 7:3 ആയി ഉയർത്തും.

ഒബിസി പട്ടികയിൽ പുതിയ വിഭാഗങ്ങൾ

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ നിർദേശപ്രകാരം 1958-ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് റൂൾസ് പാർട്ട് ഒന്നിലെ ഷെഡ്യൂൾ ലിസ്റ്റ് മൂന്നിൽ, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) പട്ടികയിൽ മാറ്റം വരുത്തും. പട്ടികയിലെ എൻട്രി നമ്പർ 55-ൽ പട്ടാരിയ (Pattariya) വിഭാഗത്തെയും എൻട്രി നമ്പർ 62-ൽ ശാലിയ (Saliya) വിഭാഗത്തെയും ഉൾപ്പെടുത്താൻ തീരുമാനിച്ചു.

48 എസ്‌ഐ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും

പൊലീസ് വകുപ്പിൽ പുനർവിന്യസിച്ച 86 സബ് ഇൻസ്‌പെക്ടർ തസ്തികകളിൽ 48 ഒഴിവുകൾ പി.എസ്.സിക്ക് സ്ഥിരം ഒഴിവുകളായി റിപ്പോർട്ട് ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മറുപടി രേഖപ്പെടുത്തുക