ഇസ്രയേലിലേക്കുള്ള ആയുധനീക്കത്തിനും അമേരിക്കൻ സൈനിക ചരക്കുനീക്കത്തിനുമെതിരെ അഞ്ച് ഭൂഖണ്ഡങ്ങളിലായി തുറമുഖ തൊഴിലാളികളുടെ ഏകോപിത യുദ്ധവിരുദ്ധ പണിമുടക്ക്. വെള്ളിയാഴ്ച 22 രാജ്യങ്ങളിലെയും മേഖലകളിലെയും 113 തുറമുഖങ്ങളിൽ 25-ലധികം തൊഴിലാളി യൂണിയനുകൾ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. 24 മണിക്കൂർ പണിമുടക്ക്, ഹ്രസ്വകാല ജോലി നിർത്തിവെക്കൽ, ഉപരോധം, ഐക്യദാർഢ്യ റാലികൾ തുടങ്ങിയവയാണ് സമരത്തിന്റെ ഭാഗമായി നടക്കുന്നത്.
യൂറോപ്പിൽ ഇറ്റലിയിലെ ജെനോവ, ഫ്രാൻസിലെ മാർസെയ്, ലെ ഹാവ്രെ, ജർമനിയിലെ ഹാംബർഗ്, സ്പെയിനിലെ വലൻസിയ, ബാഴ്സലോണ, ഗ്രീസിലെ പിറേയസ് തുടങ്ങിയ പ്രധാന തുറമുഖങ്ങൾ സമരത്തിൽ പങ്കെടുക്കും. ഇന്ത്യയിലെ നാവ ഷെവ, ചെന്നൈ തുറമുഖങ്ങളിലും മൊറോക്കോയിലെ ടാൻജിയർ മെഡ്, അമേരിക്കയിലെ ഓക്ലൻഡ്, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലും പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. തുർക്കി, സൈപ്രസ്, സ്വീഡൻ, ഡെൻമാർക്ക്, അയർലൻഡ്, പോർച്ചുഗൽ, ബ്രസീൽ, മെക്സിക്കോ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും സമരപരിപാടികളുണ്ടാകും.
ഫ്രാൻസിലെ സിജിടി പോർട്സ് ആൻഡ് ഡോക്സ് 24 തുറമുഖങ്ങളിൽ 24 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇറ്റലിയിലെ യുഎസ്ബി രാജ്യവ്യാപക പൊതുപണിമുടക്കും 40-ലധികം നഗരങ്ങളിൽ പ്രതിഷേധവും പ്രഖ്യാപിച്ചു. ആയുധങ്ങൾ, വെടിക്കോപ്പുകൾ, സൈനിക ഉപകരണങ്ങൾ, സൈനികർ എന്നിവയുടെ നീക്കം വാണിജ്യ തുറമുഖങ്ങളിലൂടെ അനുവദിക്കരുതെന്നാണ് യൂണിയനുകളുടെ പ്രധാന ആവശ്യം. സിവിലിയൻ തുറമുഖങ്ങളെ സൈനിക കേന്ദ്രങ്ങളാക്കി മാറ്റുന്നതിനെയും പൊതുഫണ്ട് ആയുധവൽക്കരണത്തിനായി വിനിയോഗിക്കുന്നതിനെയും തൊഴിലാളികൾ എതിർക്കുന്നു.
ഗ്രീസിലെ ഏറ്റവും വലിയ തുറമുഖമായ പിറേയസിൽ രാവിലെ എട്ട് മുതൽ 11 വരെ മൂന്ന് മണിക്കൂർ ജോലി നിർത്തിവെക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രീസിലെ മറ്റ് സമുദ്രഗതാഗത യൂണിയങ്ങൾ ഏഴ് തുറമുഖങ്ങളിൽ 24 മണിക്കൂർ പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത് ദ്വീപുകളിലേക്കുള്ള ഫെറി സർവീസുകളെയും ബാധിച്ചേക്കും. വിവിധ തുറമുഖങ്ങളിൽ പ്രതിഷേധങ്ങൾ നടന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ചരക്കുനീക്കത്തെ എത്രത്തോളം ബാധിച്ചുവെന്നത് വ്യക്തമല്ല.
