അടൂർ പൊലീസ് സ്റ്റേഷനിലെ സംഘർഷം: ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ നടന്ന അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

അടൂർ പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് റിപ്പോർട്ടർ ചാനൽ. ശ്രീനാദേവി കുഞ്ഞമ്മയുടെയും ഫെനി നൈനാന്റെയും നേതൃത്വത്തിൽ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജൂലൈ 11ന് രാത്രി 10.15 മുതൽ അർധരാത്രി 12 മണിവരെ ഇരുപതിലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ തമ്പടിച്ചിട്ടും പൊലീസ് കാര്യമായ നടപടിയെടുക്കാതെ നോക്കിനിൽക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘം ചേർന്ന് മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പൊലീസ് സ്റ്റേഷന്റെ ഗേറ്റ് മുതൽ അകത്തേക്ക് കയറുന്നതുവരെ മർദനം തുടർന്നതായാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. കോൺഗ്രസ് പ്രവർത്തകയും ജില്ലാ പഞ്ചായത്ത് അംഗവുമാണ് ശ്രീനാദേവി കുഞ്ഞമ്മ. വിവരാവകാശ നിയമപ്രകാരമാണ് റിപ്പോർട്ടർ ചാനലിന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്.

ലോക്കപ്പിലായിരുന്ന പ്രതിയെ ശ്രീനാദേവി കുഞ്ഞമ്മ നേരിട്ട് കാണുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. അവിടെനിന്ന് മടങ്ങിപ്പോകണമെന്ന് പൊലീസ് ശ്രീനാദേവിയോട് ആവശ്യപ്പെടുന്നതും സ്റ്റേഷൻ വളപ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിനെ വെല്ലുവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഘർഷത്തിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ തുടർനടപടികളുണ്ടായിട്ടില്ലെന്നും ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അടൂർ കേന്ദ്രീകരിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ നടന്നുവന്ന സംഘർഷങ്ങൾ നേരത്തെയും വിവാദമായിരുന്നു.

മറുപടി രേഖപ്പെടുത്തുക