56-ാം വയസ്സിൽ പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വിവാഹം കഴിച്ചത് മാധ്യമപ്രവർത്തക നിധി റസ്ദാനെ

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രശസ്ത മാധ്യമപ്രവർത്തക നിധി റസ്ദാനെ വിവാഹം കഴിച്ചു. 56-ാം വയസ്സിലാണ് ഒമർ അബ്ദുള്ളയുടെ വിവാഹം. ശനിയാഴ്ച ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം വിവാഹവിവരം പങ്കുവെച്ചത്. നിധി റസ്ദാനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ‘ഇന്നലെ മുതൽ ഒരു പുതിയ യാത്ര ആരംഭിച്ചു’ എന്ന കുറിപ്പും അദ്ദേഹം പങ്കുവച്ചു. വിവാഹത്തിന് പിന്നാലെയാണ് പ്രഖ്യാപനം നടത്തിയത്.

വേർപിരിഞ്ഞ് താമസിച്ചിരുന്ന ഭാര്യ പായൽ അബ്ദുള്ളയിൽ നിന്ന് വിവാഹമോചനം നേടാൻ സുപ്രീം കോടതി അനുമതി നൽകി മൂന്ന് മാസത്തിന് ശേഷമാണ് ഒമർ അബ്ദുള്ളയുടെ പുതിയ വിവാഹം. ജൂലൈ 31നായിരുന്നു കോടതി തീരുമാനം. പരസ്പര സമ്മതത്തോടെ വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ഇരുവരും കോടതിയെ അറിയിച്ചിരുന്നു. തർക്കങ്ങൾ പരിഹരിക്കാനും പരസ്പരം നൽകിയ കേസുകൾ പിൻവലിക്കാനും ധാരണയിലെത്തിയ ഇരുവരും ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമാണ് സംയുക്തമായി വിവാഹമോചനം തേടിയത്.

1994ലാണ് ഒമർ അബ്ദുള്ളയും പായലും വിവാഹിതരായത്. ഇവർക്ക് സഹീർ, സമീർ എന്നീ രണ്ട് ആൺമക്കളുണ്ട്. 2009 മുതൽ ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. 2011ൽ ഒമർ അബ്ദുള്ള ഇക്കാര്യം പരസ്യമായി അറിയിച്ചിരുന്നു.

മറുപടി രേഖപ്പെടുത്തുക