ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന് ‘സർദാർ’ എന്ന വിശേഷണം ലഭിച്ചത് ജനങ്ങളിൽ നിന്നാണെന്ന് ചരിത്രകാരനും പട്ടേലിന്റെ ജീവചരിത്രകാരനുമായ പ്രൊഫസർ റിസ്വാൻ ഖാദ്രി. പട്ടേലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ നേതൃപാടവത്തിലേക്കും ‘സർദാർ’ എന്ന പേര് ലഭിച്ചതിലേക്കുമുള്ള ചരിത്രം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
1918-ലെ ഖേഡ സത്യാഗ്രഹത്തിലൂടെയാണ് പട്ടേൽ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായത്. കർഷകരുടെ അവകാശങ്ങൾക്കായി ഗാന്ധിജി ആരംഭിച്ച സമരത്തിൽ സജീവമായി പങ്കെടുത്ത പട്ടേൽ, വിളനാശത്തെ തുടർന്ന് നികുതി ഇളവ് ആവശ്യപ്പെട്ട കർഷകരുടെ പോരാട്ടത്തിന് നേതൃത്വം നൽകി. ഈ സമരവിജയം അദ്ദേഹത്തെ ഗാന്ധിജിയുടെ വിശ്വസ്ത സഹായികളിലൊരാളാക്കി.
1920-ൽ ഗുജറാത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ പട്ടേലിന്റെ സ്വാധീനം സംസ്ഥാനതലത്തിലേക്ക് വ്യാപിച്ചു. ഗാന്ധിജി ജയിലിലായിരുന്ന കാലത്തും അദ്ദേഹം സമരങ്ങൾക്ക് നേതൃത്വം നൽകി. 1923-ലെ നാഗ്പൂർ പതാക സത്യാഗ്രഹത്തിലൂടെയും ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായ പോരാട്ടങ്ങളിലൂടെയും ദേശീയതലത്തിൽ ശ്രദ്ധ നേടി.
1928-ലെ ബർദോളി സത്യാഗ്രഹമാണ് പട്ടേലിന് ‘സർദാർ’ എന്ന വിശേഷണം നേടിക്കൊടുത്തത്. കർഷകരുടെ നികുതി വർധനവിനെതിരായ സമരത്തിന് നേതൃത്വം നൽകിയ അദ്ദേഹത്തെ ജനങ്ങൾ കൂട്ടായി ‘സർദാർ’ എന്ന് വിളിക്കുകയായിരുന്നു. ഏതെങ്കിലും വ്യക്തി നൽകിയ സ്ഥാനപ്പേരല്ല, ജനങ്ങൾ നൽകിയ ആദരവായിരുന്നു അതെന്ന് ചരിത്രരേഖകളും പത്രറിപ്പോർട്ടുകളും വ്യക്തമാക്കുന്നതായി റിസ്വാൻ ഖാദ്രി വിശദീകരിക്കുന്നു.
1931-ൽ കറാച്ചിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷനായതോടെ പട്ടേൽ ദേശീയതലത്തിലെ പ്രധാന നേതാക്കളിലൊരാളായി മാറി. സ്വാതന്ത്ര്യസമരത്തിലും കോൺഗ്രസ് സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.
