മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധവുമായി ഇന്ത്യാ മുന്നണി. മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ സംഘടിപ്പിച്ച മോക്ക് പാർലമെന്റിലാണ് ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് പ്രതീകാത്മകമായി പുറത്താക്കിയത്. വൈകിട്ട് ആരംഭിച്ച പരിപാടിയിൽ ഇന്ത്യാ മുന്നണി നേതാക്കൾ, വിദ്യാർഥി നേതാക്കൾ, പൗരസമിതി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാറാണ് മോക്ക് പാർലമെന്റ് നിയന്ത്രിച്ചത്.
രാജ്യത്തെ ഏഴിൽ ഒരാളുടെ വോട്ട് ഗ്യാനേഷ് കുമാർ നീക്കം ചെയ്തെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. വോട്ടർമാരിൽ 15 ശതമാനത്തോളം പേരെ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്നും ഇവർ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നിയമസാധുതയെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ ചോദ്യമുയർത്തുകയാണെന്നും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വോട്ട് വ്യത്യാസം മൂന്ന് ശതമാനം മാത്രമായിരുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങൾ തെളിവുസഹിതം ഉന്നയിച്ചിട്ടും ബിജെപി അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്ന് രാഹുൽ വിമർശിച്ചു. വോട്ടവകാശം സംരക്ഷിക്കാനുള്ള രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമാണ് മോക്ക് പാർലമെന്റെന്നും ഗ്യാനേഷ് കുമാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജനപ്രതിനിധികളെ അഭിമുഖീകരിക്കേണ്ട സാഹചര്യം ഗ്യാനേഷ് കുമാറിന് ഉണ്ടാകുമെന്നും രാഹുൽ പറഞ്ഞു.
