പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്ന വീഡിയോകൾ തട്ടിപ്പ്: പ്രിയങ്ക ഗാന്ധി

എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് തന്റെ ചിത്രവും ശബ്ദവും ഉപയോഗിച്ച് സൈബർ തട്ടിപ്പ് നടത്തുന്നതായി കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി വാദ്രയുടെ ഓഫീസ് മുന്നറിയിപ്പ് നൽകി. പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്ന വ്യാജ വീഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും ഓഫീസ് അഭ്യർഥിച്ചു.

വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രിയങ്ക ഗാന്ധിയുടെ രൂപവും ശബ്ദവും എഐ ഉപയോഗിച്ച് സൃഷ്ടിച്ച് വ്യാജ നിക്ഷേപ വാഗ്ദാനങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരം വീഡിയോകളും സന്ദേശങ്ങളും വിശ്വസിക്കരുതെന്നും അവയിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ പണം നിക്ഷേപിക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരം സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനം ജാഗ്രത പാലിക്കണമെന്നും, സംശയാസ്പദമായ പോസ്റ്റുകൾ റിപ്പോർട്ട് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും ചെയ്യണമെന്നും പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക