‘എല്ലാം വിശദീകരിച്ച് മടുത്തു’; വൈകാരിക കുറിപ്പുമായി അനുപമ

മനുഷ്യരുടെ ഇരട്ടത്താപ്പുകളെക്കുറിച്ച് നടി അനുപമ പരമേശ്വരൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ആരുടെയും പേര് നേരിട്ട് പരാമർശിക്കാതെയാണ് ചിലരുടെ പെരുമാറ്റത്തിലെ വൈരുധ്യങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.

ഒരിക്കൽ തെറ്റായി ചിത്രീകരിക്കപ്പെട്ട കാര്യങ്ങൾ സാഹചര്യവും വ്യക്തികളും മാറുമ്പോൾ സാധാരണമായി കാണപ്പെടുന്നത് വിചിത്രമാണെന്ന് അനുപമ കുറിച്ചു. സന്തോഷം പങ്കുവെക്കുന്നതും പ്രിയപ്പെട്ടവരെ അഭിനന്ദിക്കുന്നതും പോലുള്ള ചെറിയ കാര്യങ്ങൾ പോലും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനെ തുടർന്ന് പലതവണ വിശദീകരിക്കാനും ക്ഷമ ചോദിക്കാനും താൻ നിർബന്ധിതയായെന്നും താരം പറഞ്ഞു. എന്നാൽ ഇപ്പോൾ മറ്റുള്ളവർ അതേ കാര്യങ്ങൾ യാതൊരു മടിയുമില്ലാതെ തുറന്നുപറയുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.

‘പ്രശ്നം നമ്മൾ എന്ത് ചെയ്തു എന്നതല്ല, അത് ചെയ്തത് ആരാണ് എന്നതാണ്’ എന്ന തിരിച്ചറിവാണ് ഇതിലൂടെ ഉണ്ടായതെന്നും അനുപമ വ്യക്തമാക്കി. തന്റെ പ്രതികരണങ്ങളെ മറ്റുള്ളവരുടെ അഭിപ്രായങ്ങളുമായി താരതമ്യം ചെയ്ത് തന്നെ ടാഗ് ചെയ്യുകയോ സന്ദേശമയക്കുകയോ ചെയ്യരുതെന്നും താരം അനുയായികളോട് അഭ്യർഥിച്ചു. സോഷ്യൽ മീഡിയയ്ക്ക് പുറത്തും തനിക്ക് ഉത്തരവാദിത്തങ്ങളും വ്യക്തിപരമായ പോരാട്ടങ്ങളുമുണ്ടെന്നും ഓൺലൈൻ സമ്മർദങ്ങൾക്ക് വഴങ്ങി ജീവിക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കുറച്ചുദിവസങ്ങൾക്ക് മുമ്പ് പ്രണയബന്ധം മൂലം മനസ്സമാധാനം നഷ്ടപ്പെട്ടതായി അനുപമ വെളിപ്പെടുത്തിയിരുന്നു. പുതിയ പോസ്റ്റും ഇതുമായി ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുന്നുണ്ടെങ്കിലും ആരെയാണ് ഉദ്ദേശിച്ചതെന്ന് താരം വ്യക്തമാക്കിയിട്ടില്ല.

മറുപടി രേഖപ്പെടുത്തുക