ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്ക് 15 ബില്യൺ ഡോളർ വരെ നാശനഷ്ടം

പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക സാന്നിധ്യമുള്ള താവളങ്ങൾക്കുനേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ 15 ബില്യൺ ഡോളർ വരെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്തും വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ചും വാൾ സ്ട്രീറ്റ് ജേണൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിനകം 50 ബില്യൺ ഡോളറിനടുത്തെത്തിയ പെന്റഗണിന്റെ യുദ്ധച്ചെലവിന് പുറമെയാണ് ഈ നഷ്ടം.

അമേരിക്കൻ സൈനിക സാന്നിധ്യമുള്ള 24 കേന്ദ്രങ്ങളിലായി 274 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് പത്രത്തിന്റെ വിശകലനം. ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം 13 കേന്ദ്രങ്ങളിലെ 119 കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ടിൽ പറയുന്നു. ബഹ്‌റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനവും കനത്ത നാശനഷ്ടം നേരിട്ട കേന്ദ്രങ്ങളിൽ ഉൾപ്പെടുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇറാൻ തിരിച്ചടി ആരംഭിച്ചത്.

ഇറാന്റെ ആക്രമണങ്ങളിൽ സൈനിക താവളങ്ങൾക്കുണ്ടായ നാശനഷ്ടം കുറഞ്ഞത് അഞ്ച് ബില്യൺ ഡോളറാണെന്നാണ് പെന്റഗണിന്റെ കണക്കെന്ന് വിഷയവുമായി ബന്ധപ്പെട്ട യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. എന്നാൽ നഷ്ടം 15 ബില്യൺ ഡോളർ വരെയാകാമെന്നാണ് മറ്റൊരു സ്രോതസ്സിന്റെ വിലയിരുത്തൽ. മേഖലയിലെ സഖ്യരാജ്യങ്ങളുമായി ചില സൈനിക കേന്ദ്രങ്ങൾ പങ്കിടുന്നതിനാൽ നാശനഷ്ടത്തിന്റെ ഒരു ഭാഗം അവരും വഹിക്കേണ്ടിവന്നേക്കാം. ചില അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കേണ്ടതില്ലെന്നും പെന്റഗൺ തീരുമാനിച്ചേക്കാമെന്നാണ് സൂചന.

കുവൈത്തിലെയും സൗദി അറേബ്യയിലെയും സൈനിക കേന്ദ്രങ്ങളിൽനിന്ന് അമേരിക്കൻ സാന്നിധ്യം കുറയ്ക്കുന്നതും വാഷിങ്ടൺ പരിഗണിക്കുന്നതായി റിപ്പോർട്ടിലുണ്ട്. അതേസമയം, മിസൈൽ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കുകയും ഭൂമിക്കടിയിൽ സൂക്ഷിച്ചിരുന്ന ആയുധശേഖരം വീണ്ടെടുക്കുകയും ചെയ്യുന്ന നടപടികൾ ഇറാൻ വേഗത്തിലാക്കിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുടെ പ്രതിരോധ മിസൈൽ ശേഖരത്തിൽ കുറവുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലും ഇറാനെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുന്നത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരിഗണിക്കുന്നതായും സൂചനയുണ്ട്.

ഒക്ടോബർ 16 വരെയുള്ള കണക്കനുസരിച്ച് ഇറാൻ യുദ്ധത്തിന് 47.1 ബില്യൺ ഡോളർ ചെലവായെന്നാണ് പെന്റഗൺ കോൺഗ്രസിനെ അറിയിച്ചത്. ഉപയോഗിച്ച ആയുധങ്ങൾ പുനഃസ്ഥാപിക്കാൻ 29 ബില്യൺ ഡോളറും പ്രവർത്തനച്ചെലവായി 11.9 ബില്യൺ ഡോളറും ഉപകരണങ്ങളുടെ നഷ്ടത്തിന് 6.1 ബില്യൺ ഡോളറും ഇതിൽ ഉൾപ്പെടുന്നു. സൈനിക താവളങ്ങൾക്കുണ്ടായ നാശനഷ്ടം ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. യുദ്ധവുമായി ബന്ധപ്പെട്ട് 23 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും 865 പേർക്ക് പരിക്കേറ്റതായും യുഎസ് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക