ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മരിച്ച തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം, നീതിക്കായുള്ള നിയമപോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്നും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ഉറപ്പുനൽകി.
ജയബാലകൃഷ്ണന്റെ കുടുംബത്തിന് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞു. സ്വാധീനവും പണവുമുള്ളവർക്ക് എന്തും ചെയ്യാമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും കുറ്റവാളിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നിയമസഭയിൽ പറഞ്ഞിട്ടും അതിനനുസരിച്ചുള്ള നടപടികളുണ്ടായില്ലെന്നാണ് കുടുംബത്തിന്റെ പരാതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കേസിലെ പ്രോസിക്യൂഷൻ അഭിഭാഷകനെ മാറ്റണമെന്ന ആവശ്യം ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി പ്രതിപക്ഷ നേതാവിനോട് ഉന്നയിച്ചു. പ്രോസിക്യൂഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഓരോ തവണയും കോടതി കേസ് പരിഗണിക്കുമ്പോൾ പ്രതീക്ഷ കുറയുകയാണെന്നും അവർ പറഞ്ഞു.
