ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ മകനെ സംരക്ഷിക്കാൻ ശ്രമമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം

ചേരാനല്ലൂർ വാഹനാപകടത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. അപകടവുമായി ബന്ധപ്പെട്ട് ജഡ്ജിയുടെ മകനെ സംരക്ഷിക്കാൻ ശ്രമം നടന്നതായാണ് ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ആരോപിച്ചത്. ആഭ്യന്തരമന്ത്രി പൊലീസിന് തെറ്റ് പറ്റിയെന്ന് സമ്മതിച്ചിട്ടും കുടുംബത്തിന് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും അവർ ട്വന്റിഫോർ എൻകൗണ്ടർ പ്രൈമിൽ പറഞ്ഞു.

അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുക, സഹോദരന്റെ ഫോണിൽനിന്ന് പ്രതികളുടെ ചിത്രങ്ങൾ നീക്കം ചെയ്ത സംഭവത്തിൽ നടപടിയെടുക്കുക, 17കാരന്റെ ജാമ്യം റദ്ദാക്കുക എന്നിവയാണ് കുടുംബത്തിന്റെ പ്രധാന ആവശ്യങ്ങൾ. അപകടവുമായി ബന്ധപ്പെട്ട് ജഡ്ജിയുടെ പിതാവിനെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും കുടുംബം മുന്നോട്ടുവച്ചു.

പ്രതികളുടെ ചിത്രങ്ങൾ ഫോണിൽനിന്ന് നീക്കം ചെയ്ത സംഭവത്തിൽ പൊലീസ് സ്റ്റേഷനുള്ളിൽവെച്ചാണ് വീഴ്ചയുണ്ടായതെന്ന് ഭദ്രകീർത്തി ആരോപിച്ചു. കുടുംബത്തിന്റെ ഫോൺ പിടിച്ചുവാങ്ങി പ്രതിയുടെ പിതാവിന്റെ സുഹൃത്തിന് കൈമാറിയെന്നും ഇയാളാണ് ഫോണിൽനിന്ന് ചിത്രങ്ങൾ നീക്കം ചെയ്തതെന്നും അവർ പറഞ്ഞു. സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രതിക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയാണുണ്ടായതെന്നും ഭദ്രകീർത്തി ആരോപിച്ചു.

കുടുംബം ശക്തമായി പ്രതിഷേധിക്കുമെന്ന് അധികൃതർ പ്രതീക്ഷിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് പിതാവിന്റെ മൃതദേഹം വിട്ടുകിട്ടുന്നതിന് മുമ്പുതന്നെ പ്രതിയെ വിട്ടയച്ചതെന്നും ഭദ്രകീർത്തി പറഞ്ഞു. നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അവർ വ്യക്തമാക്കി.

എട്ട് വർഷമായി കൃത്യസമയത്ത് വീട്ടിലെത്താറുള്ള പിതാവ് വളരെ സൂക്ഷിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്നും മണിക്കൂറിൽ 30 കിലോമീറ്ററിലധികം വേഗത്തിൽ വാഹനം ഓടിക്കാറില്ലായിരുന്നുവെന്നും ഭദ്രകീർത്തി പറഞ്ഞു. പിതാവിന്റെ മരണം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും നീതി ലഭിക്കുന്നതുവരെ സമരത്തിൽനിന്ന് പിന്മാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക