ഇത്തവണ ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ, ലോകത്തെവിടെയും ഞങ്ങൾ തിരിച്ചടിക്കും; ഇറാൻ സൈന്യത്തിന് പൂർണ സജ്ജതാ നിർദേശം നൽകി മൊജ്തബ ഖമേനി

അമേരിക്കയോ ഇസ്രായേലോ വീണ്ടും ഇറാനെ ആക്രമിച്ചാൽ ഭൂമിശാസ്ത്രപരമായ പരിധികളില്ലാതെ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. ലോകത്തിന്റെ ഏത് ഭാഗത്തുള്ള ലക്ഷ്യങ്ങളെയും ആക്രമിക്കാനുള്ള സന്നദ്ധതയോടെയിരിക്കണമെന്ന് സായുധ സേനയ്ക്ക് പരമോന്നത നേതാവ് മൊജ്തബ ഖമേനി നിർദേശം നൽകിയതായാണ് റിപ്പോർട്ട്.

നിലവിലെ സംഘർഷം ആരംഭിച്ചതിനുശേഷം ആദ്യമായി മൂന്ന് ഉന്നത സൈനിക കമാൻഡർമാരുമായി മൊജ്തബ ഖമേനി കൂടിക്കാഴ്ച നടത്തി. ശത്രുരാജ്യങ്ങൾ വീണ്ടും സൈനികമോ ഭീകരമോ ആയ ആക്രമണങ്ങൾ നടത്തിയാൽ ഏറ്റുമുട്ടൽ എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നത് ഇറാൻ സൈന്യവും ജനങ്ങളുമായിരിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ശത്രുരാജ്യങ്ങളുടെ പ്രത്യക്ഷവും പരോക്ഷവുമായ ആസ്തികളെ ലക്ഷ്യമിടുന്നതിനുള്ള വിവരശേഖരവും ലക്ഷ്യപ്പട്ടികയും പുതുക്കാനും നിർദേശം നൽകിയിട്ടുണ്ട്.

പേർഷ്യൻ ഗൾഫ് തീരം, ഹോർമുസ് കടലിടുക്ക്, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിലെ അതിർത്തികളിൽ പരമാവധി ജാഗ്രത പുലർത്തുന്നതായി സൈനിക കമാൻഡർമാർ യോഗത്തിൽ അറിയിച്ചു. ആയുധങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ, വെടിക്കോപ്പുകൾ എന്നിവയുടെ ഉത്പാദനം വർധിപ്പിച്ചതായും സൈനിക നിരീക്ഷണം ശക്തമാക്കുന്നതിനും ആഭ്യന്തര പ്രതിരോധ ശേഷി വികസിപ്പിക്കുന്നതിനുമാണ് മുൻഗണന നൽകുന്നതെന്നും അവർ വ്യക്തമാക്കി.

അതേസമയം, ഇറാൻ ആക്രമിക്കപ്പെട്ടാൽ ശത്രുക്കൾക്ക് കനത്ത നാശനഷ്ടം വരുത്തുമെന്നും പുതിയ ആയുധങ്ങൾ പ്രയോഗിക്കുമെന്നും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ മൊഹ്‌സെൻ റെസായി മുന്നറിയിപ്പ് നൽകി. എന്നാൽ അമേരിക്ക ഇറാന്റെ ഏഴ് വ്യവസ്ഥകൾ അംഗീകരിച്ചാൽ നയതന്ത്ര ചർച്ചകൾക്ക് ഇപ്പോഴും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപരോധങ്ങൾ പിൻവലിക്കുക, മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം കുറയ്ക്കുക, മരവിപ്പിച്ച ഇറാന്റെ ആസ്തികൾ വിട്ടുനൽകുക, എണ്ണയുമായി ബന്ധപ്പെട്ട ഇളവുകൾ പുനഃസ്ഥാപിക്കുക തുടങ്ങിയവയാണ് വ്യവസ്ഥകളിൽ ഉൾപ്പെടുന്നത്.

തിരശ്ശീലയ്ക്ക് പിന്നിൽ നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടെയാണ് സംഘർഷം കൂടുതൽ രൂക്ഷമാകുന്നത്. ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഇറാനെ പൂർണമായി വിശ്വസിക്കാനാകില്ലെന്നും ആവശ്യമെങ്കിൽ രാജ്യത്തെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതോടെ മേഖലയിൽ സൈനിക നീക്കങ്ങൾക്കൊപ്പം നയതന്ത്ര തലത്തിലും അനിശ്ചിതത്വം തുടരുകയാണ്.

മറുപടി രേഖപ്പെടുത്തുക