ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ മഹാരാജാസ് കോളേജിൽ പ്രതിഷേധം ഉയർത്തിയ സംഭവത്തിൽ കോളേജ് യൂണിയൻ ഭാരവാഹികൾക്കെതിരെ നടപടി. യൂണിയൻ ചെയർമാൻ പ്രണീൽ രാജിനെയും വൈസ് ചെയർപേഴ്സൺ നഫീസത്തുല്‍ മിസ്രിയയെയും പത്ത് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു.
നടപടിയെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വ്യക്തമാക്കി. സംസ്ഥാനവ്യാപകമായി പ്രതിഷേധവും ചോദ്യങ്ങളും ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്നാണ് മന്ത്രിയുടെ നിലപാടെങ്കിൽ അദ്ദേഹം മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു.
കഴിഞ്ഞ 30-ന് മഹാരാജാസ് കോളേജിൽ നടന്ന ബിരുദദാന ചടങ്ങിനിടെയായിരുന്നു മന്ത്രിക്കെതിരെ പ്രതിഷേധം ഉയർന്നത്. കാലടി സർവകലാശാലയിലെ 16 വിദ്യാർഥികളുടെ സസ്പെൻഷൻ ചൂണ്ടിക്കാട്ടി നഫീസത്തുല്‍ മിസ്രിയ മന്ത്രിയോട് ചോദ്യം ഉന്നയിക്കുകയായിരുന്നു. പരിപാടിക്ക് ശേഷം മറുപടി നൽകാമെന്ന മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ എസ്.എഫ്.ഐ പ്രവർത്തകർ ബാനറുകളുമായി പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ മന്ത്രി പ്രസംഗം അവസാനിപ്പിച്ച് വേദി വിടുകയായിരുന്നു.
കാലടി സർവകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങൾക്കായി സമരം ചെയ്ത വിദ്യാർഥികളെ അപരിഷ്കൃതരെന്ന് വിശേഷിപ്പിച്ച മന്ത്രിയുടെ പരാമർശമാണ് താൻ ചോദ്യം ചെയ്തതെന്ന് നഫീസത്തുല്‍ മിസ്രിയ പിന്നീട് വ്യക്തമാക്കിയിരുന്നു. 16 വിദ്യാർഥികൾ 60 ദിവസമായി സസ്പെൻഷനിലാണെന്നും അവരുടെ തുടർവിദ്യാഭ്യാസം ആശങ്കയിലാണെന്നും അവർ ആരോപിച്ചു. മന്ത്രിയോട് ചോദ്യം ഉന്നയിച്ചതിന്റെ പേരിൽ നഫീസത്തുല്‍ മിസ്രിയക്കെതിരെ സൈബർ ആക്രമണവും നടന്നിരുന്നു.
