ലോകത്തിലെ ഏറ്റവും മലിനമായ നഗരം പാകിസ്ഥാനിലെ ലാഹോർ; വായുനിലവാര സൂചിക 530ൽ

ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി പാകിസ്ഥാനിലെ ലാഹോർ. തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയ വായുനിലവാര സൂചിക (എക്യുഐ) 530 ആയി ഉയർന്നു. വായുവിലെ സൂക്ഷ്മ കണികകളായ പിഎം 2.5ന്റെ സാന്ദ്രത ഒരു ഘനമീറ്ററിൽ 343 മൈക്രോഗ്രാം വരെയെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഐക്യു എയറിന്റെ ആഗോള റാങ്കിങ് പ്രകാരം രാവിലെ ഒൻപത് മുതൽ പത്ത് വരെയുള്ള കണക്കുകളിലാണ് ലാഹോർ ഒന്നാമതെത്തിയത്. 226 എക്യുഐയുമായി ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയാണ് പട്ടികയിൽ രണ്ടാമത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മറ്റ് നഗരങ്ങളും ഉയർന്ന മലിനീകരണ നിരക്കാണ് രേഖപ്പെടുത്തിയത്. ഗുജ്റൻവാല 475, ഫൈസലാബാദ് 435, മുൾട്ടാൻ 280, സിയാൽകോട്ട് 241 എന്നിങ്ങനെയാണ് എക്യുഐ. ബഹവൽപൂർ 180 പോയിന്റുമായി ഏഴാം സ്ഥാനത്തുമുണ്ട്. പ്രവിശ്യയിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്ന സംഭവങ്ങൾ വർധിച്ചതും വായുനിലവാരം മോശമാകാൻ കാരണമായെന്നാണ് റിപ്പോർട്ടുകൾ.

പാകിസ്ഥാനിൽ വായുമലിനീകരണം ശരാശരി ആയുർദൈർഘ്യം 3.9 വർഷം കുറയ്ക്കുന്നതായും പ്രതിവർഷം ഏകദേശം 1.28 ലക്ഷം അകാലമരണങ്ങൾക്ക് കാരണമാകുന്നതായും പാകിസ്ഥാൻ എയർ ക്വാളിറ്റി ഇനിഷ്യേറ്റീവിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 6.5 ശതമാനത്തിന് തുല്യമായ സാമ്പത്തിക ബാധ്യതയും മലിനീകരണം സൃഷ്ടിക്കുന്നുണ്ട്. ലാഹോറിൽ ദീർഘകാലം മലിനവായു ശ്വസിക്കുന്നത് ആയുർദൈർഘ്യം ഏഴുവർഷം വരെ കുറയ്ക്കാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

ഗതാഗത മേഖലയാണ് ലാഹോറിലെ പിഎം 2.5 മലിനീകരണത്തിന്റെ പ്രധാന ഉറവിടം. വ്യവസായ മേഖല 28 ശതമാനവും ഇഷ്ടിക ചൂളകൾ 17 ശതമാനവും മലിനീകരണത്തിന് കാരണമാകുന്നു. ശൈത്യകാലത്തെ കാലാവസ്ഥാ സാഹചര്യങ്ങൾ പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നുണ്ട്. മലിനീകരണത്തിന്റെ ഉറവിടങ്ങൾ കണ്ടെത്തി നിയന്ത്രണ നടപടികൾ സ്വീകരിച്ചാൽ നഗരങ്ങളിലെ മലിനീകരണം 50 ശതമാനം വരെ കുറയ്ക്കാനാകുമെന്നും പഠനം വ്യക്തമാക്കുന്നു.

മറുപടി രേഖപ്പെടുത്തുക