റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ ടെക്സസ്, കൻസാസ്, സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ തിരിച്ചടിയും ട്രംപിന് വെല്ലുവിളിയായി. പാർട്ടി നേതൃത്വം പിന്തുണച്ച സ്ഥാനാർഥികളുടെ പരാജയവും പ്രസിഡന്റിന് വ്യക്തിപരമായ തിരിച്ചടിയായെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് ഫലം ട്രംപിന്റെ പാർട്ടിക്കുള്ളിലെ സ്വാധീനം കുറയ്ക്കുമെന്നും ഭരണത്തിന്റെ ശേഷിക്കുന്ന കാലയളവിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ നീക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും അവർ അഭിപ്രായപ്പെടുന്നു.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പൊളിറ്റിക്കോയ്ക്ക് നൽകിയ അഭിമുഖത്തിൽ, അടുത്ത രണ്ടു വർഷം മുഴുവൻ ബില്ലുകൾ വീറ്റോ ചെയ്ത് മുന്നോട്ടുപോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. രാജ്യത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഡെമോക്രാറ്റുകളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിനിധിസഭയിലെ ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ് നിലവിലെ സംവിധാനങ്ങളിൽ വലിയ മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കൻ ജനതയുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന കോൺഗ്രസാണ് ആവശ്യമെന്നും അദ്ദേഹം പ്രതികരിച്ചു.
