ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആധാറിന് പകരം ബയോമെട്രിക് വിവരങ്ങളും വോട്ടർ തിരിച്ചറിയൽ കാർഡും (ഇപിഐസി) അടിസ്ഥാനമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ. തീരുമാനം ഗ്രാമീണ ദരിദ്രരെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളിൽനിന്ന് കൂടുതൽ പുറന്തള്ളുമെന്ന് മുന്നറിയിപ്പ് നൽകിയ പാർട്ടി, നടപടി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രി രാജീവ് രഞ്ജൻ സിങ്ങാണ് പ്രഖ്യാപനം നടത്തിയതെന്ന് പ്രസ്താവനയിൽ സിപിഐഎം വ്യക്തമാക്കി.
ബയോമെട്രിക് പരിശോധനയിലെ പിഴവുകൾ കാരണം ഗ്രാമീണ തൊഴിലാളികൾക്ക് നേരത്തെയും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. ഐറിസ് സ്കാൻ പരാജയപ്പെടുന്നതിനാൽ വയോധികരായ സ്ത്രീകൾക്കും കഠിനാധ്വാനം മൂലം വിരലടയാളം മാഞ്ഞുപോയതിനാൽ തൊഴിലാളികൾക്കും പരിശോധന പൂർത്തിയാക്കാൻ കഴിയുന്നില്ല. ഇ-കെവൈസി നടപടികൾക്ക് സ്മാർട്ട്ഫോൺ ആവശ്യമായതും ഭൂരിഭാഗം ഗ്രാമീണ കുടുംബങ്ങൾക്ക് പ്രതിസന്ധിയാണെന്നും സിപിഐഎം പറഞ്ഞു. ആധാർ നിർബന്ധമല്ലെന്ന് നേരത്തെ സുപ്രീംകോടതിയിൽ ഉറപ്പുനൽകിയ കേന്ദ്രം പിന്നീട് ക്ഷേമപദ്ധതികളിൽ അത് വ്യാപകമായി നിർബന്ധമാക്കിയെന്നും ഇപ്പോൾ ആധാറിനെ തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും പാർട്ടി വിമർശിച്ചു.
വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെടുത്തിയാണ് പുതിയ നീക്കത്തെയും സിപിഐഎം വിമർശിച്ചത്. എസ്ഐആറിലൂടെ 13.4 കോടി വോട്ടർമാർ പുറത്താക്കപ്പെട്ടതായും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ, മുസ്ലിംകൾ, സ്ത്രീകൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവരാണ് കൂടുതലായി ബാധിക്കപ്പെട്ടതെന്നും പ്രസ്താവനയിൽ ആരോപിച്ചു. പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്തതിന്റെ പേരിൽ ചില സംസ്ഥാനങ്ങളിൽ റേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായും പാർട്ടി ചൂണ്ടിക്കാട്ടി.
വോട്ടർപട്ടികയിൽനിന്ന് പേര് നീക്കം ചെയ്യപ്പെട്ടാലും സാമൂഹികക്ഷേമ ആനുകൂല്യങ്ങൾക്കുള്ള അവകാശം നഷ്ടമാകില്ലെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണ് ഇത്തരം നടപടികളെന്ന് സിപിഐഎം വ്യക്തമാക്കി. സാങ്കേതിക സംവിധാനങ്ങളെയോ ഗ്രാമീണർക്ക് ലഭ്യമല്ലാത്ത രേഖകളെയോ ആനുകൂല്യങ്ങളുടെ മാനദണ്ഡമാക്കരുതെന്നും എല്ലാവർക്കും ക്ഷേമപദ്ധതികളുടെ ഗുണഫലങ്ങൾ ഉറപ്പാക്കണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
