അമേരിക്കയിലെ പ്രമുഖ നഗരമായ ലോസ് ഏഞ്ചൽസിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ നിത്യ രാമന് അഭിനന്ദനങ്ങളുമായി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ, ആദ്യ ദക്ഷിണേഷ്യൻ വംശജയെന്ന നേട്ടമാണ് നിത്യ രാമൻ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. വിജയത്തെ അഭിനന്ദിക്കുന്നതിനൊപ്പം ഇന്ത്യയിലെ നഗരസഭാ ഭരണസംവിധാനത്തിലെ മേയർമാരുടെ പരിമിതമായ അധികാരങ്ങളെക്കുറിച്ചും തരൂർ വിമർശനമുന്നയിച്ചു.
‘തിരുവനന്തപുരത്തിന്റെ കുട്ടിയായ നിത്യ രാമൻ ലോസ് ഏഞ്ചൽസിന്റെ പുതിയ മേയറായി’ എന്നായിരുന്നു തരൂരിന്റെ എക്സ് പോസ്റ്റ്. അമേരിക്കയിലെ മേയർമാർക്ക് ലഭിക്കുന്ന അധികാരങ്ങളും ബജറ്റ് നിയന്ത്രണവും ഇന്ത്യൻ നഗരങ്ങളിലെ മേയർമാർക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് കാലഘട്ടത്തിൽ രൂപപ്പെട്ട ഭരണസമ്പ്രദായത്തിന്റെ തുടർച്ചയാണ് ഇതിന് കാരണമെന്നും നഗരങ്ങളുടെ കാര്യക്ഷമമായ ഭരണത്തിന് ആവശ്യമായ അധികാരങ്ങൾ മേയർമാർക്ക് ലഭിക്കുന്നില്ലെന്നും തരൂർ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ യഥാർഥ അധികാരം മുനിസിപ്പൽ കമ്മീഷണർമാരായി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ കൈകളിലാണെന്നും അദ്ദേഹം വിമർശിച്ചു.
തിരഞ്ഞെടുപ്പിൽ 52.70 ശതമാനം വോട്ട് നേടിയാണ് നിത്യ രാമൻ വിജയിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്. നിലവിലെ മേയർ കരേൻ ബാസിന് 47.30 ശതമാനം വോട്ടാണ് ലഭിച്ചത്. പരാജയം അംഗീകരിച്ച കരേൻ ബാസ് നിത്യ രാമനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ലോസ് ഏഞ്ചൽസിന്റെ അടുത്ത മേയറായി തിരഞ്ഞെടുക്കപ്പെട്ടതിൽ വലിയ ബഹുമാനമുണ്ടെന്ന് നിത്യ രാമനും പ്രതികരിച്ചു.
ഇന്ത്യയിൽ ജനിച്ച നിത്യ രാമൻ ആറാം വയസ്സിലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. ഹാർവഡ് സർവകലാശാലയിലും മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും (എംഐടി) ഉന്നത വിദ്യാഭ്യാസം നേടി. 2020ലാണ് ആദ്യമായി ലോസ് ഏഞ്ചൽസ് സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഭവനനിർമാണം, ഭവനരഹിതരുടെ പ്രശ്നങ്ങൾ, പൊതുസേവനങ്ങളുടെ മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾക്കായിരുന്നു കൗൺസിലിലെ പ്രവർത്തനങ്ങളിലും പ്രചാരണങ്ങളിലും അവർ മുൻഗണന നൽകിയത്.
