രാഹുലിന്റെ ‘വോട്ട് ബച്ചാവോ യാത്ര’ നുഴഞ്ഞുകയറ്റക്കാരെ രക്ഷിക്കാൻ; രൂക്ഷ വിമർശനവുമായി അമിത് ഷാ

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധി നയിക്കുന്നത് ‘വോട്ട് ബച്ചാവോ യാത്ര’ അല്ലെന്നും നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനുള്ള യാത്രയാണെന്നും അദ്ദേഹം ആരോപിച്ചു. രാഹുൽ ഉയർത്തുന്ന വ്യാജ പ്രചാരണങ്ങൾ രാജ്യത്തെ ജനങ്ങൾക്ക് അംഗീകരിക്കാനാകില്ലെന്നും കോൺഗ്രസ് പരമ്പരാഗത പ്രീണന രാഷ്ട്രീയം ഉപേക്ഷിച്ചിട്ടില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യത്ത് പ്രീണന രാഷ്ട്രീയത്തിന് അറുതിയായെന്നും കഴിഞ്ഞ പത്തുവർഷമായി അഴിമതിരഹിത ഭരണമാണ് നടക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. കോൺഗ്രസ് ഭരണകാലത്ത് വെള്ളിയാഴ്ച പ്രാർഥനയ്ക്ക് ഔദ്യോഗിക അവധി നൽകാൻ പോലും ശുപാർശ ചെയ്തിരുന്നുവെന്ന് അമിത് ഷാ ഓർമിപ്പിച്ചു. പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികളിലൂടെയും മറ്റ് പരിശോധനകളിലൂടെയും വ്യാജ വോട്ടർമാരെയും നുഴഞ്ഞുകയറ്റക്കാരെയും നീക്കം ചെയ്യുന്നതിനെ കോൺഗ്രസ് എതിർക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

എസ്ഐആർ, ഇവിഎം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ സർക്കാർ തയ്യാറാണെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളിൽ ചർച്ച നടത്താൻ മടിയില്ലെന്നും അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയങ്ങളിൽ ചർച്ച വേണമെങ്കിൽ പ്രതിപക്ഷം പാർലമെന്റിലെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംവാദത്തിന് രാഹുൽ ഗാന്ധി വെല്ലുവിളിക്കുന്നുണ്ടെങ്കിൽ ആദ്യം പ്രധാനമന്ത്രിക്ക് ഔദ്യോഗികമായി കത്തയക്കണമെന്നും അമിത് ഷാ പരിഹസിച്ചു. ഉത്തരവാദിത്തത്തോടെയുള്ള ചർച്ചയാണ് ആഗ്രഹിക്കുന്നതെങ്കിൽ പാർലമെന്റിലെത്തി ആശങ്കകൾക്ക് തെളിവുകളും യുക്തിസഹമായ വാദങ്ങളും നിരത്തണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടിവരുമ്പോൾ പതിവുപോലെ സഭയിൽനിന്ന് ഇറങ്ങിപ്പോകുമെന്നായിരുന്നു രാഹുലിനെതിരായ അമിത് ഷായുടെ പരിഹാസം.

മറുപടി രേഖപ്പെടുത്തുക