ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ കൂടുതൽ വാങ്ങാൻ ഫിലിപ്പീൻസ് ഒരുങ്ങുന്നു. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കും പ്രാദേശിക സാഹചര്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ മിസൈൽ സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്നും ഫിലിപ്പീൻസ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നവംബർ നാലിന് ഡൽഹിയിൽ നടന്ന മൂന്നാമത് ഡൽഹി ഡിഫൻസ് ഡയലോഗിൽ ഫിലിപ്പീൻസ് പ്രതിരോധ മന്ത്രി ഗിൽബെർട്ടോ ടിയോഡോറോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രഹ്മോസ് മിസൈൽ സംവിധാനങ്ങളുടെ എണ്ണം വർധിപ്പിക്കാനാണ് രാജ്യത്തിന്റെ തീരുമാനമെന്നും ഇതിനായി രൂപകൽപ്പനയിൽ ആവശ്യമായ മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഇടപാടിലൂടെ ഏകദേശം അഞ്ച് ബ്രഹ്മോസ് മിസൈൽ സംവിധാനങ്ങൾ വാങ്ങാനാണ് ഫിലിപ്പീൻസ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. 700 മുതൽ 800 ദശലക്ഷം ഡോളർ വരെയാണ് കരാറിന്റെ പ്രതീക്ഷിക്കുന്ന മൂല്യം. ഇന്ത്യൻ രൂപയിൽ ഏകദേശം 6,000 കോടി മുതൽ 6,700 കോടി രൂപ വരെയാണിത്.
2022ലാണ് തീരദേശ പ്രതിരോധത്തിനായി ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ ഫിലിപ്പീൻസ് ഇന്ത്യയുമായി ആദ്യ കരാറിൽ ഒപ്പുവെച്ചത്. 375 ദശലക്ഷം ഡോളറിന്റെ കരാർ പ്രകാരം നാവികസേനയ്ക്കായി കപ്പൽവേധ മിസൈൽ സംവിധാനങ്ങളാണ് വാങ്ങിയത്. ദക്ഷിണ ചൈനാ കടലിൽ ചൈനയുടെ സൈനിക നീക്കങ്ങളെ പ്രതിരോധിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഫിലിപ്പീൻസ് ബ്രഹ്മോസിനെ കാണുന്നത്.
ലുസോൺ ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തുള്ള സാംബലെസിലെ ലിയോവിഗിൽഡോ ഗാന്റിയോക്വി നാവിക കേന്ദ്രത്തിൽ ബ്രഹ്മോസ് സംവിധാനങ്ങൾക്കായി പ്രത്യേക കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. ഈ വർഷം ആദ്യം അമേരിക്കൻ, ഫിലിപ്പീൻസ് മറീനുകൾ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചുള്ള സമുദ്രാക്രമണ അഭ്യാസങ്ങളും നടത്തിയിരുന്നു.
കരയിൽനിന്നും കപ്പലുകളിൽനിന്നും വിമാനങ്ങളിൽനിന്നും വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് മിസൈലിന് ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കാനാകും. കൃത്യതയോടെയുള്ള ആക്രമണശേഷിയും ഉയർന്ന വേഗതയും മിസൈലിന്റെ പ്രധാന സവിശേഷതകളാണ്. ശത്രു കപ്പലുകളെയും മറ്റ് തന്ത്രപ്രധാന ലക്ഷ്യങ്ങളെയും നേരിടാൻ ഇത് ഫിലിപ്പീൻസിന് കൂടുതൽ പ്രതിരോധശേഷി നൽകുമെന്നാണ് വിലയിരുത്തൽ.
ചൈനയുമായുള്ള സംഘർഷം നിലനിൽക്കുന്ന ദക്ഷിണ ചൈനാ കടലിൽ തങ്ങളുടെ സമുദ്രാതിർത്തിയും പരമാധികാരവും സംരക്ഷിക്കുന്നതിനുള്ള നിർണായക സംവിധാനമായാണ് ഫിലിപ്പീൻസ് ബ്രഹ്മോസിനെ കാണുന്നത്. പുതിയ കരാർ യാഥാർഥ്യമായാൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിക്കും മേഖലയിൽ ഇന്ത്യയുടെ തന്ത്രപ്രധാനമായ പങ്കിനും കൂടുതൽ കരുത്തേകും.
