ചൈനയുടെ ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ വിദേശ ബഹിരാകാശയാത്രികനായി പാക് പൗരൻ

ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യ വിദേശ ബഹിരാകാശയാത്രികനായി പാകിസ്ഥാൻ പൗരൻ. നവംബർ 25ന് വിക്ഷേപിക്കുന്ന ഷെൻഷു-24 ദൗത്യത്തിന്റെ ഭാഗമായാണ് പാക് പ്രതിനിധി നിലയത്തിലെത്തുക. പേലോഡ് സ്പെഷ്യലിസ്റ്റായാണ് അദ്ദേഹം ദൗത്യത്തിൽ പങ്കെടുക്കുകയെന്ന് ചൈന മാൻഡ് സ്പേസ് ഏജൻസി (CMSA) ശനിയാഴ്ച അറിയിച്ചു.

എന്നാൽ ബഹിരാകാശ നിലയത്തിലെ അദ്ദേഹത്തിന്റെ താമസം ഏതാനും ദിവസങ്ങൾ മാത്രമായിരിക്കും. നവംബർ 30ന് ദൗത്യം അവസാനിക്കുമ്പോൾ ഷെൻഷു-23 പേടകത്തിൽ അദ്ദേഹം ഭൂമിയിലേക്ക് മടങ്ങും. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ തിരഞ്ഞെടുപ്പ്, വിലയിരുത്തൽ നടപടികൾക്കുശേഷം ഖുറം ദാവൂദ്, മുഹമ്മദ് സീഷാൻ അലി എന്നീ രണ്ട് പാക് പ്രതിനിധികളെയാണ് ചൈന പരിശീലനത്തിനായി തെരഞ്ഞെടുത്തത്. ഇവരിൽ ആരാണ് ദൗത്യത്തിൽ പങ്കെടുക്കുകയെന്നും ആരാണ് പകരക്കാരനെന്നും ചൈനീസ് ഏജൻസി വ്യക്തമാക്കിയിട്ടില്ല.

2021ൽ പ്രവർത്തനം ആരംഭിച്ച ടിയാൻഗോങ് ബഹിരാകാശ നിലയത്തിൽ ഇതുവരെ ചൈനീസ് ബഹിരാകാശയാത്രികർ മാത്രമാണ് സേവനം അനുഷ്ഠിച്ചിട്ടുള്ളത്. 2025 ഫെബ്രുവരിയിൽ മനുഷ്യനെ ഉൾപ്പെടുത്തിയുള്ള ബഹിരാകാശ ദൗത്യത്തിൽ സഹകരിക്കാൻ ചൈനയും പാകിസ്ഥാനും കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതിനെ പാകിസ്ഥാന്റെ ബഹിരാകാശ മുന്നേറ്റത്തിലെ നിർണായക നിമിഷമെന്നാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ പ്രതിഫലനമാണ് പാകിസ്ഥാന്റെ പങ്കാളിത്തമെന്ന് ചൈനീസ് ബഹിരാകാശ ഏജൻസി മേധാവി ലിൻ ഷിഖിയാങും പ്രതികരിച്ചു.

ഷെൻഷു-24 ദൗത്യം പൂർത്തിയാകുന്നതോടെ ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ പാക് പൗരനായി ഈ യാത്രികൻ മാറും. 2023ൽ വിർജിൻ ഗാലക്ടിക്കിന്റെ സബോർബിറ്റൽ ബഹിരാകാശ യാത്രയിൽ പങ്കെടുത്ത നമീറ സലീമാണ് ആദ്യത്തെയാൾ. ഏതാനും മിനിറ്റുകൾ ഭാരമില്ലായ്മ അനുഭവിക്കാനും അവർക്ക് അവസരം ലഭിച്ചിരുന്നു.

അതേസമയം, 2030ന് മുമ്പ് മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നാല് ദൗത്യങ്ങൾ ഉൾപ്പെടുന്ന പദ്ധതിയുടെ രൂപരേഖ ചൈന കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. റഷ്യയും ചൈനയും സംയുക്തമായി അന്താരാഷ്ട്ര ചാന്ദ്ര ഗവേഷണ നിലയം (ILRS) സ്ഥാപിക്കാനുള്ള പദ്ധതിയിലും പ്രവർത്തിക്കുന്നുണ്ട്. ചന്ദ്രനിലെ ഭാവി ഗവേഷണ കേന്ദ്രത്തിന് ഊർജം നൽകുന്നതിനായി അവിടെ വൈദ്യുത നിലയം സ്ഥാപിക്കാനുള്ള നീക്കവും റഷ്യയുടെ പദ്ധതിയിലുണ്ട്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്മോസിന്റെ മേധാവി ദിമിത്രി ബകാനോവ് ഏപ്രിലിൽ, ചാന്ദ്ര നിലയത്തിന്റെ റഷ്യൻ വിഭാഗം സ്ഥാപിക്കുന്നതിനുള്ള ആശയത്തിന് അക്കാദമി ഓഫ് സയൻസസ് അംഗീകാരം നൽകിയതായി അറിയിച്ചിരുന്നു.

മറുപടി രേഖപ്പെടുത്തുക