സൗദിയുടെ നിർണായക എണ്ണ പൈപ്പ്‌ലൈനിന് നേരെ വീണ്ടും ഹൂതി ആക്രമണം; ആഗോള എണ്ണവിതരണത്തിനും ഭീഷണി

ഗൾഫ് മേഖലയിൽനിന്ന് പ്രതിദിനം ദശലക്ഷക്കണക്കിന് ബാരൽ എണ്ണ കടത്തുന്ന സൗദി അറേബ്യയുടെ നിർണായക പൈപ്പ്‌ലൈനിന് നേരെ വീണ്ടും ആക്രമണം. യെമനിലെ ഹൂതി വിമതരുമായുള്ള സംഘർഷം രൂക്ഷമായിരിക്കെയാണ് സൗദിയുടെ കിഴക്ക്-പടിഞ്ഞാറൻ എണ്ണ പാതയ്ക്കുനേരെ ആക്രമണമുണ്ടായതെന്ന് സൗദി ഊർജ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച മദീന മേഖലയിലുണ്ടായ ആക്രമണത്തിൽ ചെറിയ തീപിടിത്തമുണ്ടായെങ്കിലും ആളപായമോ പ്രവർത്തന തടസ്സമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ ചൊവ്വാഴ്ച വ്യക്തമാക്കി. ആരോപണങ്ങൾ അടിസ്ഥാനരഹിതമായ നുണയാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, റിയാദിന് സമീപമുള്ള ഇതേ പൈപ്പ്‌ലൈനിലെ പമ്പിങ് സ്റ്റേഷനുകൾക്ക് നേരെയാണ് തങ്ങളുടെ സൈന്യം ആക്രമണം നടത്തിയതെന്നും അവകാശപ്പെട്ടു.

സൗദി അറേബ്യയുടെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളായ കിഴക്കൻ മേഖലയിൽനിന്ന് ചെങ്കടൽ തീരത്തെ യാൻബു തുറമുഖത്തേക്ക് നീളുന്ന 1,200 കിലോമീറ്റർ പൈപ്പ്‌ലൈനാണിത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം തടസ്സപ്പെട്ടതിനെത്തുടർന്ന് സൗദിയുടെ എണ്ണ കയറ്റുമതിക്ക് ഈ പാത നിർണായകമായി മാറിയിരുന്നു. പ്രതിദിനം ഏകദേശം 40 ലക്ഷം ബാരൽ എണ്ണയാണ് ഇതിലൂടെ കടത്തുന്നത്. ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം നാല് ശതമാനത്തോളം വരുമിത്.

സെപ്റ്റംബറിൽ ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് ഈ പാത ദിവസങ്ങളോളം അടച്ചിട്ടിരുന്നു. ഇറാഖിലെ സായുധ സംഘങ്ങളാണ് അന്നത്തെ ആക്രമണത്തിന് പിന്നിലെന്നാണ് സൗദി ആരോപിച്ചത്. ഒക്ടോബറിൽ പമ്പിങ് സ്റ്റേഷനു നേരെ ആക്രമണം നടത്തിയതായി ഹൂതികളും അവകാശപ്പെട്ടിരുന്നു.

പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നാല് സൈനിക നീക്കങ്ങൾ നടത്തിയതായി ഹൂതി വക്താവ് അറിയിച്ചു. യെമനിലെ തായിസ് പ്രവിശ്യയിലെ ചന്തയ്ക്കും സനായ്ക്ക് സമീപമുള്ള ഗ്രാമത്തിനും നേരെ സൗദി ആക്രമണം നടത്തിയതിനുള്ള തിരിച്ചടിയാണിതെന്നാണ് ഹൂതികളുടെ വിശദീകരണം.

ഞായറാഴ്ച റിയാദിലെ സൗദി അരാംകോ ഓഫീസുകൾക്കുനേരെയും ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടിരുന്നു. തടഞ്ഞുവീഴ്ത്തിയ മിസൈലുകളുടെ അവശിഷ്ടങ്ങൾ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ കെട്ടിടത്തിന് കേടുപാടുകൾ വരുത്തിയതായാണ് റിപ്പോർട്ട്. അതേസമയം, റിയാദിലേക്ക് തൊടുത്തുവിട്ട രണ്ട് ഹൂതി മിസൈലുകളും തെക്കൻ മേഖലയിലേക്ക് അയച്ച മറ്റൊരു മിസൈലും എണ്ണസമ്പന്നമായ കിഴക്കൻ പ്രവിശ്യയ്ക്ക് മുകളിലൂടെ പറന്ന ഡ്രോണും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു.

2022ൽ നിലവിൽ വന്ന വെടിനിർത്തൽ ധാരണ തകർന്നതിനെത്തുടർന്ന് ജൂലൈയിലാണ് സൗദി അറേബ്യയും ഇറാൻ പിന്തുണയുള്ള ഹൂതികളും തമ്മിലുള്ള പോരാട്ടം വീണ്ടും ശക്തമായത്. ചെങ്കടൽ തീരത്തേക്ക് ഹൂതികൾ മുന്നേറ്റം തുടരുന്നതും ബാബ് അൽ മന്ദബ് കടലിടുക്കിലെ കപ്പൽഗതാഗതത്തിന് ഭീഷണി ഉയർത്തുന്നുണ്ട്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്കൊപ്പം ഈ മേഖലയിലെ സംഘർഷവും ശക്തമാകുന്നത് ആഗോള എണ്ണവിതരണത്തെയും സമുദ്രവ്യാപാരത്തെയും കൂടുതൽ സമ്മർദത്തിലാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക